ബിഹാര്‍ സമ്പൂര്‍ണ ലോക് ഡൗണിലേക്ക്; 75 ബിജെപി നേതാക്കള്‍ക്ക് കൊവിഡ്

പാറ്റ്ന: കൊവിഡ് കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ബിഹാറില്‍ ജൂലൈ 16 മുതല്‍ ജൂലൈ 31 വരെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അവശ്യ സര്‍വ്വീസുകള്‍ മാത്രമേ ഈ സമയത്ത് അനുവദിക്കുകയുള്ളൂ. തിങ്കളാഴ്ച ചേര്‍ന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം.

സംസ്ഥാനത്ത് 75 ബിജെപി നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമൂഹവ്യാപന സാധ്യത കൂടി കണക്കിലെടുത്താണ് തീരുമാനം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നേതാക്കളെല്ലാം കഴിഞ്ഞ ദിവസം ഒത്തുകൂടിയിരുന്നു.

പട്നയിലെ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സിലെ ജീവനക്കാരും നേതാക്കളും അടക്കം 100 ബിജെപിക്കാരുടെ സാംപിളുകളാണ് ടെസ്റ്റിനായി ശേഖരിച്ചത്. ഇതില്‍ 75 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ബീഹാര്‍ ബിജെപി ജനറല്‍ സെക്രട്ടറി ദേവേഷ് കുമാര്‍ എംഎല്‍സി രാധാമോഹന്‍ ശര്‍മ്മ തുടങ്ങിയവരും കൊവിഡ് ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇതുവരെ 17,421 പേര്‍ക്കാണ് ബീഹാറില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 134 പേരാണ് കൊവിഡ് ബാധിതരായി സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം പഞ്ചാബിലും പൊതുപരിപാടികള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയിരുന്നു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. വിവാഹ പരിപാടികളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50ല്‍ നിന്ന് 30 ആയി കുറയ്ക്കുകയും ചെയ്തിരുന്നു.

Top