കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ഓസ്ട്രിയയില്‍ വീണ്ടും ലോക്ക്ഡൗണ്‍

വിയന്ന: ഓസ്ട്രിയ വീണ്ടും ലോക്ക്ഡൗണിലേക്ക് കടക്കുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതലാണ് രാജ്യം ലോക്ക്ഡൗണിലാവുക. അതേസമയം വാക്‌സിന്‍ നിര്‍ബന്ധമാക്കുകയും ചെയ്യുമെന്ന് ചാന്‍സലര്‍ അലക്‌സാണ്ടര്‍ ഷാലെന്‍ബെര്‍ഗ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

കൊറോണ വൈറസ് കേസുകള്‍ കൂടുന്നതിന് പിന്നാലെ ഇത്തരം കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന യൂറോപ്യന്‍ യൂണിയനിലെ ആദ്യത്തെ രാജ്യമാണ് ഓസ്ട്രിയ. അടുത്ത വര്‍ഷം ഫെബ്രുവരി 1 മുതല്‍ കൊവിഡ് 19 വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കാന്‍ രാജ്യം പദ്ധതിയിടുന്നുണ്ട്. ലോക്ക്ഡൗണ്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കുകയും 10 ദിവസത്തിന് ശേഷം വിലയിരുത്തുകയും ചെയ്യുമെന്ന് ഷാലെന്‍ബെര്‍ഗ് പറഞ്ഞു.

ഓസ്ട്രിയയിലെ കൊവിഡ് കേസുകള്‍ ഭൂഖണ്ഡത്തിലെതന്നെ ഏറ്റവും ഉയര്‍ന്നതാണ്, ഏഴ് ദിവസംകൊണ്ട് 100,000 ആളുകളില്‍ 991 പേ!ര്‍ക്ക് കൊവിഡ് എന്ന നിരക്കിലെത്തി. നെതര്‍ലാന്‍ഡ്‌സ് ഇപ്പോള്‍ ഭാഗിക ലോക്ക്ഡൗണിലാണ്, ബാറുകളും റെസ്‌റ്റോറന്റുകളും രാത്രി 8 മണിക്ക് അടയ്ക്കും.

Top