വിദേശത്ത് കുടുങ്ങിയവരെ കണ്ടെത്താനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സന്ദര്‍ശന വിസയില്‍ പോയി മറ്റുരാജ്യങ്ങളില്‍ കുടുങ്ങിയവരെ ആദ്യം കൊണ്ടു വരേണ്ടി വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍. മത്സ്യത്തൊഴിലാളികളെയും ആദ്യം പരിഗണിക്കും. കൊവിഡ് ഭീഷണി കൂടിയ രാജ്യങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളുടെയും എണ്ണമെടുക്കും. ഇവരെ തിരിച്ചെത്തിക്കാന്‍ പ്രത്യേകവിമാനങ്ങള്‍ ഉപയോഗിക്കുമെന്നും വിമാനസര്‍വ്വീസ് തുടങ്ങുമ്പോള്‍ പ്രവാസികളുടെ മടക്കം സാധ്യമാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് വഴി സംസ്ഥാനങ്ങളിലെ തയ്യാറെടുപ്പുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് രാജ്യത്തെ എല്ലാ മുഖ്യമന്ത്രിമാരുമായി നാളെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തും.
മെയ് മൂന്നിനാണ് ലോക്ക് ഡൗണ്‍ അവസാനിക്കുക. അതോടെ നാല്‍പ്പത് ദിവസത്തെ ലോക്ക് ഡൗണ്‍ പൂര്‍ത്തിയാവും. നിലവിലെ സാഹചര്യത്തില്‍ ഇനിയും ലോക്ക് ഡൗണ്‍ നീട്ടുന്നതിനോട് കേന്ദ്രത്തിനോ സംസ്ഥാനങ്ങള്‍ക്കോ താത്പര്യമില്ലെന്നാണ് സൂചന.

അതേസമയം മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലെ സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയാല്‍ അതു രോഗവ്യാപനം ഇരട്ടിയാവാന്‍ കാരണമായേക്കും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ഈ സാഹചര്യത്തില്‍ കേന്ദ്രം പൊതുവില്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുകയോ കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കുകയോ ചെയ്ത ശേഷം സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ നിയന്ത്രണം തുടരാന്‍ അനുവാദം നല്‍കിയേക്കും എന്നാണ് സൂചന.

Top