രാജ്യത്ത് ലോക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടാന്‍ ധാരണ! ചില മേഖലകളില്‍ ഇളവ് വന്നേക്കാം

ന്യൂഡല്‍ഹി: ലോക്ഡൗണ്‍ രണ്ടാഴ്ചത്തേക്കു കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. ഭൂരിഭാഗം സംസ്ഥാനങ്ങളും ലോക്ഡൗണ്‍ നീട്ടണമെന്ന നിലപാടിലായിരുന്നു. ചില മേഖലകളില്‍ ഇളവു നല്‍കാനും സാധ്യതയുണ്ട്.

മെഡിക്കല്‍ മാസ്‌കിന് ക്ഷാമം നേരിടുന്ന ഘട്ടത്തില്‍ ഹോംമെയ്ഡ് മാസ്‌കിന് പ്രചാരം നല്‍കുന്നതിന് വേണ്ടി ഹോം മെയ്ഡ് മാസ്‌ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.

24 മണിക്കൂറും ഫോണില്‍ ലഭ്യമായിരിക്കുമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി സംസ്ഥാനങ്ങളോടു പറഞ്ഞു. ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യാവൂ. പ്രവാസികളുടെ പ്രതിസന്ധിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

അതേസമയം, ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്.
ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തു. ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കേണ്ടത് കേന്ദ്ര സര്‍ ക്കാരാണെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സൂചന നല്‍കുകയായിരുന്നു.

ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണു കരുതുന്നത്. പല സംസ്ഥനങ്ങളിലും വിളവെടുപ്പ് കാലമായതിനാല്‍ കാര്‍ഷിക മേഖലയ്ക്ക് ഇളവു കൊടുത്തില്ലെങ്കില്‍ രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുമോ എന്ന സംശയമുണ്ട്.

Top