തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ നീട്ടി

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനം. ജൂലൈ 12 വരെ ലോക്ഡൗണ്‍ തുടരും. ഇപ്പോഴുള്ള ഇളവുകള്‍ക്ക് പുറമെ കൂടുതല്‍ ഇളവുകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ജില്ലാ അതിര്‍ത്തികള്‍ക്കിടയില്‍ യാത്ര ചെയ്യാന്‍ ഇ-പാസ് വേണമെന്ന നിബന്ധന പിന്‍വലിക്കും. അതേസമയം അന്തര്‍ സംസ്ഥാന സ്വകാര്യ ബസ് യാത്ര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ (കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള വിമാനങ്ങള്‍ക്ക് ബാധകമല്ല), സിനിമ തിയറ്റര്‍, ബാര്‍, സ്വിമ്മിങ് പൂള്‍, സാമൂഹികരാഷ്ട്രീയ സമ്മേളനങ്ങള്‍, വിനോദം, കായിക പരിപാടികള്‍, സ്‌കൂള്‍, കോളജ് എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി ഇല്ല. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ നിയന്ത്രണങ്ങളായിരിക്കും വരുന്ന ആഴ്ചയില്‍ ഉണ്ടായിരിക്കുകയെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പറഞ്ഞു.

നേരത്തെ തുറക്കാന്‍ അനുവാദം നല്‍കിയിരുന്ന എല്ലാ കടകളുടെയും പ്രവര്‍ത്തനസമയം വൈകിട്ട് ഏഴ് മണിയെന്നത് എട്ട് മണിയാക്കി ദീര്‍ഘിപ്പിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ട്. അന്തര്‍ സംസ്ഥാന പൊതു ഗതാഗതം അനുവദിച്ചിട്ടുണ്ട്. ബസുകളില്‍ പകുതി യാത്രക്കാരെ മാത്രമേ പ്രവേശിപ്പിക്കാന്‍ അനുവാദമുള്ളു.

Top