ലോക്ക്ഡൗണ്‍ ഇളവ്; സര്‍ക്കാരിന് കത്ത് നല്‍കുമെന്ന് വി.ഡി സതീശന്‍

മലപ്പുറം: സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിന് കത്ത് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനങ്ങള്‍ വലിയ പ്രതിസന്ധിയിലാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് യു.ഡി.എഫ് നിരുപാധിക പിന്തുണയാണ് നല്‍കിയത്. എന്നാല്‍, ലോക്ഡൗണ്‍ ഇങ്ങനെ തുടരണോയെന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കണമന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് കഴിഞ്ഞ 38 ദിവസമായി ലോക്ഡൗണാണ്. കഴിഞ്ഞ ലോക്ഡൗണ്‍ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നതു കൊണ്ട് ഒരുപാട് ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് ഉണ്ടായിരുന്നു. വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു, നികുതി ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ അവയൊന്നുമില്ല.

പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടത് പ്രകാരം ആഗസ്റ്റ് 31 വരെ നികുതി അടക്കുന്നതിന് കാലതാമസം നല്‍കുക മാത്രമാണ് ഇപ്പോള്‍ ചെയ്തിട്ടുള്ളത്. ജനങ്ങള്‍ വലിയ സാമ്പത്തിക പ്രയാസത്തിലാണ്. ഒരുപാട് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Top