ലോക്ക്ഡൗണില്‍ ഇന്‍സ്റ്റഗ്രാമിലൂടെ കായിക താരങ്ങള്‍ നേടിയത് കോടികളുടെ വരുമാനം

ലണ്ടന്‍: ലോക്ഡൗണ്‍ കാലത്ത് ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലും ടിക്ടോക്കിലുമെല്ലാം പുതിയ ചിത്രങ്ങളും വിഡിയോകളും അപ്‌ഡേറ്റ് ചെയ്യുകയാണ് മിക്ക കായികതാരങ്ങളും ഇങ്ങനെ ലോക്ഡൗണ്‍ കാലത്ത് കായിക താരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍നിന്നു മാത്രം വരുമാനമായി നേടിയ തുക പുറത്തുവിട്ടിരിക്കുകയാണ് ‘അറ്റയ്ന്‍’ എന്ന ഓണ്‍ലൈന്‍ പ്രസ്ഥാനം.

ഇവരുടെ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 12 മുതല്‍ മേയ് 14 വരെയുള്ള കാലഘട്ടത്തില്‍ ഇന്‍സ്റ്റഗ്രാമില്‍നിന്ന് കൂടുതല്‍ വരുമാനം നേടിയ കായിക താരങ്ങളുടെ കൂട്ടത്തില്‍ ഒന്നാമന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഈ കാലയളവില്‍ ഇന്‍സ്റ്റഗ്രാമില്‍നിന്നു മാത്രം റൊണാള്‍ഡോ സമ്പാദിച്ചത് 1.9 മില്യന്‍ പൗണ്ടാണ്. അതായത് 18 കോടിയോളം രൂപ!

12,99,373 പൗണ്ട് സമ്പാദിച്ച ലയണല്‍ മെസ്സിയാണ് രണ്ടാമത്. ഇത് ഏതാണ്ട് 12.5 കോടി രൂപയോളം വരും. ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ 11,92,211 പൗണ്ടുമായി മൂന്നാമതുണ്ട്. അതായത് 11.35 കോടിയോളം രൂപ! ഇന്‍സ്റ്റഗ്രാമില്‍നിന്ന് കൂടുതല്‍ സമ്പാദ്യമുണ്ടാക്കിയ താരങ്ങളുടെ പട്ടികയിലെ ആദ്യ പത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിയും ഇടംപിടിച്ചു. കായിക താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്തുള്ള കോലി ഇക്കാലയളവില്‍ 3,79,294 പൗണ്ടാണ് വരുമാനം നേടിയത്. അതായത് 3.6 കോടിയോളം രൂപ.

Top