ലോക്ഡൗണ്‍ മാനദണ്ഡം പരിഷ്‌കരിക്കും: ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം തടയാനുള്ള സമ്പൂര്‍ണ അടച്ചിടലിനു ബദല്‍ മാര്‍ഗം തേടി സര്‍ക്കാര്‍. സംസ്ഥാനത്ത് ടിപിആര്‍ അനുസരിച്ചുള്ള ലോക്ക്ഡൗണില്‍ മാറ്റം വരുത്താനൊരുങ്ങുന്നു. 83 ദിവസം അടച്ചുപൂട്ടിയിട്ടും രോഗവ്യാപനം കുറയാത്തതില്‍ ഇന്നലെ അവലോകന യോഗത്തില്‍ മുഖ്യമന്ത്രി ക്ഷുഭിതനായിരുന്നു.

നീണ്ടുപോകുന്ന അടച്ചിടലില്‍ ഉയരുന്ന ജനരോഷം മനസ്സിലാക്കിയും അതിലെ അതൃപ്തി പരസ്യമാക്കിയുമായിരുന്നു ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം. കോവിഡ് നിയന്ത്രണങ്ങള്‍ ജനങ്ങളെ ബാധിക്കുന്നതിനാല്‍ ഏറെക്കാലം ഈ രീതിയില്‍ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകാനാകില്ല. ശാസ്ത്രീയമായ ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തണം.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മാത്രം അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ ഇനിയും തുടരണോയെന്ന കാര്യത്തിലും മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. വിശദമായ പഠനം നടത്തി ബുധനാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. എല്ലാ മേഖലകളിലേയും വിദഗ്ധരുമായി ചര്‍ച്ച നടത്തിയാകും റിപ്പോര്‍ട്ട് തയ്യാറാക്കുക.

ബുധനാഴ്ചയ്ക്കകം ബദല്‍ നിര്‍ദ്ദേശം സമര്‍പ്പിക്കാനാണ് ചീഫ് സെക്രട്ടറിയോടും വിദഗ്ധസമിതിയോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. താഴേത്തട്ടില്‍ നിയന്ത്രണം പരിമിതപ്പെടുത്താനാണ് സാധ്യത. നിലവിലെ അടച്ചുപൂട്ടലിനെതിരെ വ്യാപക എതിര്‍പ്പുകള്‍ ഉയരുന്ന സാഹചര്യം കൂടി പരിഗണിച്ചാണ് സര്‍ക്കാറിന്റെ പുനരാലോചന. അതേ സമയം ഇന്നും നാളെയും വാരാന്ത്യ ലോക് ഡൗണ്‍ തുടരും.

Top