തെലങ്കാനയില്‍ ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്നു

ഹൈദരാബാദ്: കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ തെലങ്കാനയില്‍ ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ തീരുമാനം.

കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞുവെന്നും രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ലോക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ലോക്ഡൗണ്‍ സമയത്ത് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പൂര്‍ണമായും പിന്‍വലിക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തെലങ്കാനയില്‍ ഇതുവരെ 6,10,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3546 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. എന്നാല്‍ രോഗവ്യാപനത്തില്‍ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. 24 മണിക്കൂറിനിടെ 1417 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 12 പേര്‍ മരിച്ചു.

 

Top