സംസ്ഥാനത്ത് ഞായറാഴ്ച ലോക്ഡൗണും രാത്രി കര്‍ഫ്യൂവും തുടരും

Pinarayi Vijayan

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ രാത്രി കര്‍ഫ്യൂവും ഞായറാഴ്ച ലോക്ഡൗണും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചൊവ്വാഴ്ച വീണ്ടും യോഗം ചേരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി വാക്‌സീനേഷന്‍ ശക്തിപ്പെടുത്താന്‍ മുന്‍തൂക്കം നല്‍കണമെന്ന് ദേശീയ ആരോഗ്യവിദഗ്ദ്ധരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. സമ്പൂര്‍ണ ലോക്ക്ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

കൊവിഡ് വിട്ടുമാറാതെ നമുക്കൊപ്പമുണ്ടാകും. കൊവിഡിനൊപ്പം ജീവിക്കാന്‍ ശീലിക്കണം. മാസ്‌ക്കും സാനിറ്റൈസറും മുന്നോട്ട് കൊണ്ട് പോകണം. കൊവിഡ് വിവരം ജിലാ ദുരന്ത നിവാരണ അതോറിറ്റി പഞ്ചായത്തുകളില്‍ നിന്ന് ശേഖരിക്കും. പഞ്ചായത്തിനൊപ്പം വില്ലേജും വിവരം ശേഖരിച്ച് നല്‍കണം. മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിന്റെ പ്രതിരോധ മാര്‍ഗം ഫലപ്രദംമാണെന്ന് വിദഗ്ധര്‍ അറിയിച്ചിരുന്നു. ഇന്ത്യയില്‍ എറ്റവും നല്ല രീതിയില്‍ കൊവിഡ് ഡേറ്റ കൈകാര്യം ചെയ്യുന്ന സംസ്ഥാനം കേരളമെന്നും ആരോഗ്യവിദഗ്ധര്‍ അഭിപ്രായപെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

ഓണത്തിന് ശേഷം വലിയ വര്‍ദ്ധനവ് ഉണ്ടായില്ലെങ്കിലും ഉണ്ടായ വര്‍ദ്ധനവ് സാരമായി കാണുന്നില്ല. ഈ ഘട്ടത്തില്‍ നമ്മള്‍ ഒന്നുകൂടി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തില്‍ ഭയപ്പെട്ട വര്‍ധനയില്ല. രോഗികള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍ അറിയിച്ചതായി മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

Top