തിരുവനന്തപുരം: ലോക്ഡൗണും കോവിഡ് പ്രതിരോധവും സംബന്ധിച്ചു സംസ്ഥാനത്തിന്റെ നിര്‍ദേശം കേരളം ഇന്നു കേന്ദ്രത്തിനു സമര്‍പ്പിക്കും. സുരക്ഷ ഒരുക്കി സംസ്ഥാനത്ത് ആഭ്യന്തര വിമാനയാത്ര അനുവദിക്കണമെന്നും സംസ്ഥാനത്തിനകത്ത് പാസഞ്ചര്‍ ട്രെയിനും മെട്രോ റെയില്‍ സര്‍വീസും പുനരാരംഭിക്കണമെന്നും നിര്‍ദേശമായി കേരളം മുന്നോട്ട് വയ്ക്കുന്നുണ്ട്. അതേസമയം, അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.
മുംബൈ, അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, കൊല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് നോണ്‍ സ്റ്റോപ് ട്രെയിന്‍ അനുവദിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്ത് യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തി ബസ് സര്‍വീസ് അനുവദിക്കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സുരക്ഷ കര്‍ശനമായി പാലിക്കണം. ലംഘിച്ചാല്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും. യാത്രക്കാരുടെ എണ്ണം കുറയുന്നതിനാല്‍ ടിക്കറ്റ് ചാര്‍ജ് കൂടുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
കണ്ടെയ്ന്മെന്റ് സോണ്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ വ്യവസായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ കേന്ദ്രത്തോട് അനുവാദം തേടി. റസ്റ്ററന്റുകള്‍ ശാരീരിക അകലം പാലിച്ച് പുനരാരംഭിക്കും. കര്‍ശനമായ വ്യവസ്ഥകളോടെ ഓട്ടോറിക്ഷ ഓടാന്‍ അനുവദിക്കും. ഒരു യാത്രക്കാരന് മാത്രമേ ഓട്ടോയില്‍ ഉണ്ടാകാവൂ. കുടുംബം ആണെങ്കില്‍ ഇതില്‍ ഇളവ് അനുവദിക്കും. നിര്‍മാണ മേഖലയില്‍ ആവശ്യത്തിനു സാധനം ലഭ്യമാക്കും.
തൊഴിലുറപ്പ് കാര്‍ഷിക വൃത്തിക്കു കൂടി ബാധകമാക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലേക്കു നാളെ മുതല്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ രാജധാനി നിര്‍ത്തുന്ന എല്ലാ സ്റ്റോപ്പിലും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. ട്രെയിനുകള്‍ എസിയാണ്. ദിവസങ്ങള്‍ എടുത്തുള്ള യാത്ര രോഗം പകരാനിടയാക്കും. നോണ്‍ എസി വാഹനങ്ങളാണ് നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും.