ലോക് ഡൗണ്‍ ലംഘിച്ച് പ്രാര്‍ത്ഥന; ഈരാറ്റുപേട്ടയില്‍ 24 ഉം പത്തനംതിട്ടയില്‍ 10 പേരും കസ്റ്റഡിയില്‍

കോട്ടയം: കോവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം മുഴുവന്‍ 21 ദിവസത്തെ ലോക് ഡൗണിലാണ്. അവശ്യ സര്‍വ്വീസുകളേയും ചരക്ക് ഗതാഗതത്തേയും മാത്രമേ ലോക് ഡൗണില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളൂ. പൊതു ജനങ്ങള്‍ക്ക് വീടിന് പുറത്തിറങ്ങരുതെന്നും കൂട്ടം കൂടരുതെന്നുമാണ് അധികൃതരുടെ നിര്‍ദ്ദേശം, ലോക് ഡൗണ്‍ ലംഘിക്കുന്നവകെ പൊക്കാന്‍ പൊലീസും റോഡില്‍ സജീവമാണ്. എന്നാല്‍ ലോക് ഡൗണ്‍ ലംഘനം ഇപ്പോഴും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നുണ്ട്.

ലോക്ഡൗണ്‍ ലംഘനത്തിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റും മുറപോലെ നടക്കുന്നുണ്ട്. നിരോധനം ലംഘിച്ച് പ്രാര്‍ത്ഥന സംഘടിപ്പിച്ച 24 പേരാണ് ഈരാറ്റുപേട്ടയില്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്‌കൂളില്‍ നിന്നാണ് ഇവരെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്.സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നിവരേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പത്തനംതിട്ട കുലശേഖരപേട്ടയിലും നിരോധനാജ്ഞ ലംഘിച്ച് വീട്ടില്‍ മത പ്രാര്‍ത്ഥന നടത്തിയതിനു 10 പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയാണെന്നാണ് ഇവര്‍ പൊലീസുകാരോട് വിശദീകരിച്ചത്.

അതേസമയം പായിപ്പാട് മോഡല്‍ സമരം അതിഥി തൊഴിലാളികള്‍ നടത്തുമെന്നു കാണിച്ച് ഒരു ഓണ്‍ലൈന്‍ ചാനല്‍ വഴി വാര്‍ത്ത നല്‍കിയ കെട്ടിടം ഉടമയെ ഏറ്റുമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്വന്തം കെട്ടിടത്തില്‍ താമസിക്കുന്ന അതിഥി തൊഴിലാളികള്‍ക്കു സ്വയം ഭക്ഷണം നല്‍കുന്നതിനു പകരം തദ്ദേശ ഭരണ സ്ഥാപനത്തില്‍ നിന്നു ലഭിക്കാനാണ് ഇയാള്‍ ഇത്തരത്തില്‍ പ്രചാരണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

Top