മുംബൈയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളുമായി ആദ്യ ശ്രമിക് ട്രെയിന്‍ ഇന്ന് പുറപ്പെടും

മുംബൈ:കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം മുംബൈയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ശ്രമിക് ട്രെയിന്‍ ഇന്ന് സര്‍വീസ് നടത്തും. കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ആദ്യത്തെ ശ്രമിക് ട്രെയിനാണിത്. രാത്രി എട്ട് മണിക്ക് ശേഷം കുര്‍ലയില്‍ നിന്നുമാണ് ട്രെയിന്‍ യാത്ര പുറപ്പെടുക.

കേരളത്തിലെയും ദേശീയ തലത്തിലെയും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അഭ്യര്‍ത്ഥനമാനിച്ചാണ് ട്രെയിന്‍ ഓടിക്കുന്നതെന്നാണ് മഹാരാഷ്ട്രയിലെ റവന്യൂ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ബാലാസാഹേബ് തോറാട്ട് ട്വിറ്ററില്‍ കുറിച്ചത്.

മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് കമ്മറ്റി തയാറാക്കിയ ലിസ്റ്റിലെ 1674 പേരാണ് കേരളത്തിലേക്ക് മടങ്ങുന്നത്. യാത്രാചെലവ് മഹാരാഷ്ട്ര സര്‍ക്കാറാണ് വഹിക്കുന്നത്.

അതിനിടെ, കോവിഡ് വ്യാപനം കൂടിയ മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നും മലയാളി നഴ്‌സുമാര്‍ കൂട്ടത്തോടെ കേരളത്തിലേക്ക് മടങ്ങുകയാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. 200 ലേറെ മലയാളി നഴ്‌സുമാരാണ് നാട്ടിലേക്ക് മടങ്ങുന്നതെന്നാണ് കണക്ക്. കരാര്‍ പുതുക്കാത്തവരും രാജിവച്ചവരും ഇക്കൂട്ടത്തിലുണ്ട്.

മലയാളികളടക്കം നഴ്‌സുമാര്‍ക്കിടയില്‍ കൊവിഡ് വ്യാപകമായി പടര്‍ന്നിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ നല്‍കുന്നില്ലെന്ന പരാതി യുഎന്‍എ പല തവണ ഉയര്‍ത്തിയ സാഹചര്യവും നിലവിലുണ്ട്.

Top