തീവ്ര മേഖലകളൊഴികെയുള്ള പ്രദേശങ്ങളില്‍ ഉപാധികളോടെ ലോക്ക്ഡൗണ്‍ ഇളവ്

ന്യൂഡല്‍ഹി: രാജ്യത്തെ തീവ്രബാധിത മേഖലകളൊഴിയുള്ള പ്രദേശങ്ങളില്‍ ഉപാധികളോടെ ലോക്ക് ഡൗണ്‍ ഇളവ് അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. ആയുഷ് ഉള്‍പ്പെടെ എല്ലാ ആരോഗ്യ സേവനങ്ങളും ഇവിടെ അനുവദിക്കും. കാര്‍ഷിക വൃത്തിക്കും മത്സ്യബന്ധനത്തിനും തടസമില്ല. മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട മേഖലകളും പ്ലാന്റേഷന്‍ ജോലികളും ഇളവുകളില്‍ പെടും. അന്‍പത് ശതമാനം ജോലിക്കാരെ നിയോഗിച്ച് പ്ലാന്റേഷന്‍ ജോലികള്‍ പുനരാരംഭിക്കാമെന്നാണ് അറിയിപ്പ്.

സാമൂഹിക അകലം പാലിച്ചും, മാസ്‌കുകള്‍ ധരിച്ചും തൊഴിലുറപ്പ് ജോലികള്‍ പുനരാരംഭിക്കാം. ചരക്ക് നീക്കം സുഗമമാക്കിവാണിജ്യ,വ്യവസായ സംരഭങ്ങള്‍ പുനരാരംഭിക്കാം. സ്വകാര്യ സ്ഥാപനങ്ങള്‍ തുറക്കുകയും നിര്‍മ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കുകയും ചെയ്യാം. അവശ്യസര്‍വ്വീസുകള്‍ക്ക് സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാം. കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഓഫീസുകളും തുറക്കാം. വിമാന സര്‍വീസുകള്‍, ബസ് , ട്രെയിന്‍ സര്‍വീസുകള്‍ എന്നിവ പാടില്ല.

ചികിത്സ ആവശ്യങ്ങള്‍ക്കല്ലാതെ അന്തര്‍സംസ്ഥാന, അന്തര്‍ ജില്ല യാത്രകള്‍ക്ക് അനുമതിയില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും, കോച്ചിംഗ് സെന്ററുകളും അടഞ്ഞുകിടക്കും. ഓണ്‍ലൈന്‍ വ്യാപാരം അനുവദിക്കില്ല. ആളുകള്‍ കൂടുന്ന സിനിമ ശാലകള്‍, ഷോപ്പിംഗ് മാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതിയില്ല. രാഷ്ട്രീയ പാര്‍ട്ടി യോഗങ്ങളടക്കം ഒരു കൂടിച്ചേരലും അനുവദനീയമല്ല. കല്യാണം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് പരമാവധി 20 പേരേ പങ്കെടുക്കാന്‍ പാടുളളൂ. ഡല്‍ഹിയിലും ,പഞ്ചാബിലും മെയ് മൂന്ന് വരെ ഇളവുകള്‍ വേണ്ടെന്ന് അറിയിച്ചിരിക്കുകയാണ്.

Top