ലോക്ക് ഡൗണില്‍ വലഞ്ഞ കോളനി നിവാസികള്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ച് പത്തനംതിട്ട കളക്ടര്‍

ആവണിപ്പാറ: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവണിപ്പാറയിലെ ഗിരിജന്‍ കോളനി നിവാസികള്‍ക്ക് അവശ്യ വസ്തുക്കളുമായെത്തിയത് ജില്ലാ കളക്ടറും എംഎല്‍എയും. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ കൈത്താങ്ങ് പദ്ധതിയുടെ ഭാഗമാകാന്‍ ജില്ലാ കളക്ടര്‍ പി ബി നൂഹ് നേരിട്ട് എത്തുകയായിരുന്നു.

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിനെ തുടര്‍ന്ന് വീടിനുള്ളിലിരിക്കുന്ന ആളുകള്‍ക്ക് ടെലഫോണില്‍ ആവശ്യപ്പെട്ടാല്‍ നിത്യോപയോഗ സാധനങ്ങള്‍, മരുന്ന്, ഭക്ഷണം തുടങ്ങിയവ വോളന്റിയര്‍മാര്‍ മുഖേന വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് നടപ്പിലാക്കിയ പദ്ധതിയാണ് കൈത്താങ്ങ്.

അച്ചന്‍കോവില്‍ ആറിനുകുറുകേ ഭക്ഷണസാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ ചുമന്നാണ് ഇരുവരും ആദിവാസി കോളനിയിലെത്തിയത്. ജനമൈത്രി പോലീസ് സ്റ്റേഷനും കോന്നി ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയും ശേഖരിച്ച ഭക്ഷണസാധനങ്ങളാണു വിതരണം ചെയ്തത്.
പത്ത് കിലോ അരി, ഒരു കിലോ വെളിച്ചെണ്ണ, പഞ്ചസാര, ഉഴുന്ന്, കാപ്പിപ്പൊടി, തേയില, ഉപ്പ്, സോപ്പ്, പച്ചക്കറി എന്നിവയടങ്ങിയ കിറ്റുകള്‍ കോളനിയിലെ 37 കുടുംബങ്ങള്‍ക്ക് ഇരുവരും ചേര്‍ന്ന് വിതരണംചെയ്തു.

Top