അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ഇന്ന് അഞ്ച് ട്രെയിനുകള്‍ യാത്രതിരിക്കും

തിരുവനന്തപുരം ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ഇന്ന് അഞ്ച് ട്രെയിനുകള്‍ പറപ്പെടും. തിരുവനന്തപുരം- റാഞ്ചി ട്രെയിന്‍ ഉച്ചയ്ക്ക് രണ്ടിന് പുറപ്പെടും.

എറണാകുളം-ഭുവനേശ്വര്‍, ആലുവ-പട്‌ന ട്രെയിനുകള്‍ വൈകിട്ട് പുറപ്പെടും. തിരൂര്‍- പട്‌ന ട്രെയിന്‍ വൈകിട്ട് ആറിനും കോഴിക്കോട്-ധന്‍ബാദ് ട്രെയിന്‍ അഞ്ചുമണിക്കും യാത്ര തിരിക്കും. കോഴിക്കോട്-ധന്‍ബാദ് ട്രെയിനില്‍ 1128 തൊഴിലാളികളെ കൊണ്ടുപോകും.

തിരുവനന്തപുരം- റാഞ്ചി ട്രെയിനിലേക്കുള്ള യാത്രക്കാരെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിക്കുന്ന നടപടികള്‍ തുടങ്ങി കഴിഞ്ഞു.1200 പേരെയാണ് അയക്കുന്നത്.

മെഡിക്കല്‍ പരിശോധനയും സര്‍ട്ടിഫിക്കറ്റ് പരിശോധനയും ടിക്കറ്റ് തുക ഈടാക്കലും കഴിഞ്ഞ ശേഷമാണ് തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനിലെത്തിക്കുന്നത്. രോഗലക്ഷണമുള്ളവരെ അയക്കില്ല. തിരുവനന്തപുരത്തുനിന്ന് റാഞ്ചിയിലേക്ക് 832 രൂപ യാണ് ടിക്കറ്റ് തുക. ഇതു യാത്രക്കാര്‍ നല്‍കണം.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു തൊഴിലാളികളെ എത്തിക്കുന്നതിനായി കെഎസ്ആര്‍ടിസിയുടെ 42 ബസുകള്‍ അനുവദിച്ചതായി മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കോഴിക്കോട്- 24, വടകര 6, തൊട്ടില്‍ പാലം 2, താമരശ്ശേരി 10 എന്നിങ്ങനെയാണ് ബസുകള്‍ അനുവദിച്ചത്.

Top