ലോക്ക് ഡൗണ്‍: ചൈനയില്‍ ജനങ്ങള്‍ കടുത്ത പട്ടിണിയിലേക്കെന്ന് റിപ്പോര്‍ട്ട്

ബെയ്ജിങ്: കോവിഡ് 19 കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ചൈനയില്‍ ഇപ്പോള്‍ കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഷാങ്ഹായ് നഗരം പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്. ഒരു കാരണവശാലും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് അധികൃര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടരക്കോടിയോളം ജനങ്ങള്‍ ഭക്ഷണവും വെള്ളവും അടക്കമുള്ളവ ലഭിക്കാതെ വീടുകളിലും ഫ്ളാറ്റുകളിലും കുടുങ്ങിക്കിടക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ നടപ്പാക്കുന്ന കടുത്ത നിയന്ത്രണങ്ങള്‍ മൂലം ജനങ്ങളില്‍ ഭൂരിപക്ഷവും കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയാണെന്ന് ഗാര്‍ഡിയന്‍ അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭക്ഷണവും മരുന്നും ലഭിക്കാതെ ജനങ്ങള്‍ പ്രയാസപ്പെടുന്നതിന്റെയും പരാതിപ്പെടുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വീടുകളുടെയും ഫ്ളാറ്റുകളുടെയും ബാല്‍കണികളില്‍ ഇങ്ങിനിന്ന് ജനങ്ങള്‍ പ്രതിഷേധിക്കുന്നതിന്റെയും ഒച്ചവെക്കുന്നതിന്റെയും പാട്ടുപാടുന്നതിന്റെയുമെല്ലാം ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കാന്‍ കടുത്ത നിരീക്ഷണങ്ങളാണ് അധികൃതര്‍ നടപ്പാക്കുന്നത്. സ്വാതന്ത്ര്യത്തിനായുള്ള ആത്മാവിന്റെ ആഗ്രഹം നിയന്ത്രിക്കുക. പാട്ടുപാടാനായി ജനാലകള്‍ തുറക്കരുത്. അങ്ങനെ ചെയ്യുന്നത് മഹാമാരി വ്യാപിക്കാന്‍ അത് ഇടയാക്കും, ഡ്രോണ്‍ ഉപയോഗിച്ച് നടത്തുന്ന ബോധവത്കരണത്തില്‍ പറയുന്നു. കോവിഡ് സാഹചര്യത്തില്‍ ദമ്പതിമാര്‍ വെവ്വേറെ കിടന്ന് ഉറങ്ങണം, ചുംബിക്കരുത്, ആലിംഗനം ചെയ്യരുത്, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

Top