ഒമ്പത് ജില്ലകളില്‍ ലോക് ഡൗണ്‍ !സംസ്ഥാനത്ത്‌ അഞ്ച് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ലോക് ഡൗണ്‍ നിര്‍ദ്ദേശം. സംസ്ഥാനത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് അടക്കം ഒമ്പത് ജില്ലകളിൽ കര്‍ശന നിയന്ത്രണം നടപ്പാക്കേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി വിശദീകരിച്ചു. ഇവിടങ്ങളിലെല്ലാം സാഹചര്യത്തിന് അനുസരിച്ച് ഉചിതമായ തീരുമാനം എടുക്കാൻ ജില്ലാ കളക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. ആദ്യം കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, എറണാകുളം, കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം, ജില്ലകളിലായിരുന്നു സമ്പൂര്‍ണ അടച്ചിടല്‍ നിര്‍ദ്ദേശിച്ചിരുന്നത്.വയനാട്, പാലക്കാട്, ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകള്‍ മാത്രമാണ് ഇപ്പോള്‍ ലോക് ഡൗണ്‍ പ്രഖ്യാപിക്കാത്തത്.

അതേസമയം ഇന്ന് സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നിലവില്‍ സംസ്ഥാനത്ത് ഇതുവരെ 54 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചുവെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം കാത്തിരിക്കുകയാണ്. അത് വന്നാല്‍ മറ്റ് നടപടികളുണ്ടാവും. ലോക് ഡൗണ്‍ വന്നാല്‍ സ്റ്റേ അറ്റ് ഹോം എന്നാണ്. ആള്‍ക്കാര്‍ പുറത്തുവരാതിരിക്കണം. വൈറസ് വ്യാപനം പരമാവധി തടയാനാണിത്. സ്റ്റേ അറ്റ് ഹോം നടപ്പിലാവുകയാണെങ്കില്‍ ഒന്നോ രണ്ടോ ആളുകള്‍ക്ക് മാത്രം അത്യാവശ്യ സാധനം വാങ്ങാന്‍ പുറത്തിറങ്ങുമെന്ന് കരുതുന്നുവെന്ന് ടോം ജോസ് പറഞ്ഞു.

വാട്ടര്‍, ഇലക്ട്രിസിറ്റ്, ഫുഡ്, തുടങ്ങിയ അവശ്യ സേവനങ്ങള്‍ ലഭ്യമാകും. പ്രൊവിഷണല്‍ സ്റ്റോറുകള്‍ തുറക്കും. സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറക്കാന്‍ പ്രശ്‌നമില്ല. സാധാരണ ഇവിടെ വളരെയധികം ആളുകള്‍ കൂടാറുള്ളതിനാല്‍ അത് നിയന്ത്രണ വിധേയമാക്കുമെന്നും ആറോ ഏഴോ പേരില്‍ കൂടുതല്‍ ഉണ്ടാവരുതെന്നും
അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വ്യാപാരികളുമായി നാളെ ചര്‍ച്ച നടത്തും. അതിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കും.

വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 31 വരെയുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും എല്ലാ അന്തര്‍ സംസ്ഥാന പൊതുഗതാഗത സേവനങ്ങളും നിര്‍ത്തിവെക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ ഒഴികെയുള്ളവ നിയന്ത്രിക്കുന്നതിനും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top