ചെന്നൈയില്‍ കുടുങ്ങി; മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്താന്‍ കടല്‍ മാര്‍ഗം യാത്ര ചെയ്തത് 1100 കി.മീ

ഭുവനേശ്വര്‍: കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അന്യസംസ്ഥാനങ്ങളില്‍ തൊഴില്‍ ചെയ്യുന്നവര്‍ സ്വന്തം നാട്ടിലേയ്ക്ക് പോകാനാകാതെ കുടുങ്ങി കിടക്കുകയാണ്. പൊതുഗതാഗതം നിലച്ചതോടെ എല്ലാവരും എവിടയാണോ ഉള്ളത് അവിടെ തന്നെ തുടരുന്ന സ്ഥിതിയാണ് രാജ്യത്ത്് ഇപ്പോഴുള്ളത്. എന്നാല്‍ ചിലര്‍ സ്വന്തം റിസ്‌കില്‍ നാടുകളിലേയ്ക്ക് പോകാന്‍ ശ്രമിക്കുന്നുണ്ട്.

അങ്ങനെ ലോക്ഡൗണില്‍ ചെന്നൈയില്‍ കുടുങ്ങിപ്പോയ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്താന്‍ കടല്‍ മാര്‍ഗം യാത്ര ചെയ്തത് 1100 കിലോമീറ്ററാണ്. ചെന്നൈയില്‍ നിന്ന് ഒഡീഷയിലെ ഗഞ്ചാം ജില്ലയിലേക്ക് ബോട്ടിലാണ് ഇവര്‍ സഞ്ചരിച്ചത്.

എത്തിച്ചേര്‍ന്നയുടനെ തന്നെ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ ഹരപ്രസാദ് ഭോയി അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണം നല്‍കുകയും പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തതായി തഹസില്‍ദാര്‍ കൂട്ടിച്ചേര്‍ത്തു.

വാടകയ്ക്ക് എടുത്ത ബോട്ടില്‍ ഏപ്രില്‍ 24 നാണ് ഇവര്‍ ചെന്നൈയില്‍ നിന്ന് യാത്ര തിരിച്ചത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള 14 തൊഴിലാളികള്‍ ഉള്‍പ്പെടെ 39 പേര്‍ ബോട്ടിലുണ്ടായിരുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള തൊഴിലാളികള്‍ ദാങ്കുരു തീരത്തിറങ്ങിയതായി തഹസില്‍ദാര്‍ അറിയിച്ചു.

ഏപ്രില്‍ 20 ന് 27 മത്സ്യത്തൊഴിലാളികള്‍ ആന്ധ്രാപ്രദേശിന് സമീപം ഇച്ഛാപൂര്‍ണ തീരത്തെത്തിയിരുന്നു. ശനിയാഴ്ച മറ്റ് 38 തൊഴിലാളികള്‍ പതി സോനേപൂര്‍ തീരത്തും എത്തി.

കടല്‍മാര്‍ഗം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ എല്ലാവര്‍ക്കും ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയതായി അധികൃതര്‍ വ്യക്തമാക്കി. തീരപ്രദേശങ്ങളില്‍ കടുത്ത ജാഗ്രത പുലര്‍ത്താനുള്ള നിര്‍ദേശം പോലീസിന് നല്‍കിയതായി ഗതാഗതമന്ത്രി പദ്മനാഭ ബെഹറ അറിയിച്ചു.

Top