ബീഹാര്‍ സര്‍ക്കാറിന്റെ അനുമതിയില്ല, കേരളത്തില്‍ നിന്നുള്ള അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: ലോക്ഡൗണിനെ തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ അതിഥി തൊഴിലാളികളുമായി ബീഹാറിലേക്ക് പുറപ്പെടേണ്ടിയിരുന്ന അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. കണ്ണൂര്‍, തിരൂര്‍, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളില്‍ നിന്ന് ഇന്ന് പുറപ്പെടാന്‍ നിശ്ചയിച്ചിരുന്ന ട്രെയിനുകളാണ് റദ്ദാക്കിയത്. ബിഹാര്‍ സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് ട്രെയിന്‍ റദ്ദാക്കാന്‍ കാരണം.

അതേസമയം ആലപ്പുഴയില്‍ നിന്നുള്ള ട്രെയിന്‍ മെയ് എട്ടിന് മുമ്പ് പുറപ്പെടുമെന്ന് അധികൃതര്‍ അറിയിച്ചു.ഇന്ന് വൈകുന്നേരം നാലുമണിക്ക് ബിഹാറിലെ കത്തിഹാറിലേക്കായിരുന്നു ആലപ്പുഴയില്‍ നിന്നുള്ള ആദ്യ ട്രെയിന്‍ പുറപ്പെടേണ്ടിയിരുന്നത്. സ്നേഹയാത്ര എന്ന് പേരിട്ടിരിക്കുന്ന സര്‍വീസില്‍ 1140 പേര്‍ക്ക് പോകുന്നതിനുള്ള അനുമതിയുണ്ടായിരുന്നു.

അമ്പലപ്പുഴ മാവേലിക്കര ഭാഗങ്ങളില്‍ നിന്നായി അതിഥി തൊഴിലാളികളെ കെ.എസ്.ആര്‍.ടി സി ബസില്‍ റെയില്‍ സ്റ്റേഷനില്‍ എത്തിച്ച് യാത്രയ്ക്ക് വേണ്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനുശേഷമാണ് യാത്ര മാറ്റിവെച്ചതായി ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് ലഭിച്ചത്.

കണ്ണൂരില്‍ നിന്ന് പട്നയിലേക്ക് 1150 പേരുമായി രാത്രി ഏഴ് മണിക്ക് പുറപ്പെടാനിരുന്ന ട്രെയിനും റദ്ദാക്കി.

അതേസമയം കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, എറണാകുളം ജില്ലകളില്‍നിന്നു ബിഹാറിലേക്ക് 5574 അതിഥിത്തൊഴിലാളികളുമായി അഞ്ചു ട്രെയിനുകള്‍ ഇന്നലെ പുറപ്പെട്ടിരുന്നു.എറണാകുളം ജില്ലയില്‍ നിന്ന് ഇന്നലെ 2201 അതിഥിത്തൊഴിലാളികളാണ് ബിഹാറിലേക്കു മടങ്ങിയത്. ബിഹാറിലെ ബറൂണിയിലേക്കുള്ള ട്രെയിന്‍ 1140 യാത്രക്കാരുമായി ഉച്ചയ്ക്കു 3 മണിയോടെയാണ് പുറപ്പെട്ടത്. രണ്ടാമത്തെ ട്രെയിന്‍ ആറരയോടെ മുസഫര്‍പുരിലേക്കാണു പോയത്. ജില്ലയില്‍നിന്ന് 3 ദിവസങ്ങളിലായി 5513 തൊഴിലാളികളാണ് സ്വന്തം നാടുകളിലേക്കു മടങ്ങിയത്.

Top