ലോക്ക് ഡൗണ്‍ ലംഘിച്ച് മൂന്നാറില്‍; തമിഴ്‌നാട്ടില്‍ നിന്നെത്തിയ മൂന്നുപേരെ നിരീക്ഷണത്തിലാക്കി

ഇടുക്കി: ലോക്ക് ഡൗണ്‍ ലംഘിച്ച് തമിഴ്‌നാട്ടില്‍ നിന്ന് മൂന്നാറിലെത്തിയ മൂന്ന് പേരെ നിരീക്ഷണത്തിലാക്കി. പച്ചക്കറി വണ്ടിയെന്ന സ്റ്റിക്കര്‍ പതിച്ച മിനിലോറിയിലും വനപാതയിലൂടെയുമാണ് ഇവര്‍ അതിര്‍ത്തി കടന്ന് മൂന്നാറിലെത്തിയത്. നിയമലംഘനം വ്യാപകമായതോടെ മൂന്നാറിലെ ലോക്ക് ഡൗണ്‍ ഇളവ് ആഴ്ചയില്‍ നാല് ദിവസത്തേക്കാക്കി ചുരുക്കിയിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ നാമക്കല്‍ സ്വദേശികളായ രണ്ടുപേരെയും വട്ടവടയില്‍ വനപാതയിലൂടെ അതിര്‍ത്തി കടന്നെത്തിയ യുവാവിനെയും നിരീക്ഷണത്തിലേക്ക് മാറ്റി. പച്ചക്കറി വണ്ടിയെന്ന വ്യാജേന അതിര്‍ത്തി കടന്ന ലോറി തടങ്ങ് പരിശോധിച്ചപ്പോഴാണ് മൂന്നാറിലെ വ്യാപാരി ആവശ്യപ്പെട്ടത് അനുസരിച്ചാണ് സാധനങ്ങള്‍ എത്തിച്ചതെന്ന് നാമക്കല്‍ സ്വദേശികള്‍ വെളിപ്പെടുത്തി. ഇരുവരെയും മൂന്നാറിലെ ശിക്ഷക് സദനില്‍ നിരീക്ഷണത്തിലാക്കി.

തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് മൂന്നാറില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുക. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ പ്രവര്‍ത്തിക്കും. മാര്‍ക്കറ്റില്‍ തിരക്ക് കുറയ്ക്കാന്‍ മൂന്നാറിലെ വിവിധ പ്രദേശങ്ങളിലുള്ളവര്‍ക്ക് വ്യത്യസ്ത സമയങ്ങളിലായിരിക്കും പ്രവേശനം. ഇതിനായി പാസ് നല്‍കുമെന്നും അടുത്ത ഒരു മാസത്തേക്ക് മുഖാവരണം നിര്‍ബന്ധമാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Top