ചൈനയിൽ മരിച്ചത് 42,000 പേർ ? റിപ്പോർട്ട് പുറത്ത് വിട്ടത് ബ്രിട്ടീഷ് പത്രം

ബെയ്ജിങ്: ചൈനയില്‍ കൊറോണ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം ചൈന ഔദ്യോഗികമായി പുറത്തുവിട്ടതിനേക്കാള്‍ നിരവധി മടങ്ങ് അധികമാണെന്ന് റിപ്പോര്‍ട്ട്. 3,300 പേര്‍ മരിച്ചുവെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. എന്നാല്‍ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍മാത്രം 42,000 പേരെങ്കിലും മരണപ്പെട്ടിട്ടുണ്ടെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ച് ബ്രിട്ടിഷ് മാധ്യമം ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ചൈനയില്‍ 81,000 പേര്‍ക്കാണ് ആകെ രോഗബാധയുണ്ടായതെന്നും ഹുബെയ് പ്രവിശ്യയില്‍മാത്രം 3,182 പേരാണ് മരിച്ചതെന്നുമാണ് അധികൃതര്‍ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്. എന്നാല്‍ ചൈന പുറത്തുവിട്ട ആകെ മരണ സംഖ്യയേക്കാള്‍ പത്തിലധികം ഇരട്ടിയാണ് വുഹാന്‍ നഗരത്തില്‍ മാത്രം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഏറ്റവും ഉയര്‍ന്ന മരണനിരക്ക് രേഖപ്പെടുത്തിയ 12 ദിവസങ്ങളിലായി വുഹാന്‍ നഗരത്തിലെ ഏഴ് ശ്മശാനങ്ങളില്‍നിന്നും പ്രതിദിനം 500 ചിതാഭസ്മ കലശങ്ങളാണ് അധികൃതര്‍ കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കിയിരുന്നതെന്നാണ് നഗരവാസികള്‍ പറയുന്നത്.അതായത് 24 മണിക്കൂറിനുള്ളില്‍ 3,500 പേരുടെ ശവസംസ്‌കാരം നടന്നെന്നു വേണം കരുതാന്‍. അപ്പോള്‍ ഇക്കാലയളവില്‍ ആകെ 42,000 പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് വിലയിരുത്തേണ്ടത്.

കൊറോണ ബാധിച്ചാണ് മരണമെന്നുപോലും ഉറപ്പിക്കാനാകാതെ നിരവധി പേര്‍ വീടുകളില്‍ മരിച്ചിട്ടുണ്ടെന്നും നഗരവാസികളില്‍ ചിലര്‍ പറയുന്നു. ഈ മരണങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുകയോ കണക്കുകളില്‍ ഉള്‍പ്പെടുകയോ ചെയ്തിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അതുകൊണ്ട് തന്നെ ഒരു മാസം 28,000 മൃതദേഹങ്ങളെങ്കിലും ദഹിപ്പിച്ചിട്ടുണ്ടാകാമെന്ന കണക്ക് അതിശയോക്തിയല്ലെന്നാണ് പ്രദേശവാസികള്‍ നല്‍കുന്ന സൂചന.

ഹാന്‍കൗ, വുചാങ്, ഹന്‍യാങ് എന്നിവിടങ്ങളിലെ ദഹിപ്പിക്കല്‍ കേന്ദ്രങ്ങളില്‍നിന്ന് ഏപ്രില്‍ അഞ്ചിനു മുന്‍പായി ചിതാഭസ്മ കലശങ്ങള്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തേ, ഹാന്‍കുവില്‍നിന്ന് 5000 കലശങ്ങള്‍ വിട്ടുനല്‍കിയതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

50 ദശലക്ഷം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന ഹുബി പ്രവിശ്യ രണ്ടുമാസത്തെ ലോക്ഡൗണിനുശേഷം മാര്‍ച്ച് 25നാണ് തുറന്നുകൊടുത്തത്. ഇതോടെ വൈറസ് ബാധയില്ലെന്നു കാണിക്കുന്ന ഗ്രീന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നവര്‍ക്ക് ഹുബിയില്‍നിന്ന് പുറത്തേയ്ക്ക് യാത്ര ചെയ്യാന്‍ അനുമതി കൊടുത്തിട്ടുണ്ട്. രോഗവ്യാപനം പിടിച്ചുനിര്‍ത്താനായതോടെ ജനുവരി 23 മുതലാണ് ഹുബെയ് പ്രവിശ്യ അടച്ചിടാന്‍ തീരുമാനിച്ചത്.

എന്നാല്‍ വുഹാന്‍ നഗരത്തില്‍ ഇപ്പോഴും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. ഏപ്രില്‍ എട്ട് വരെയാണ് ഇവിടെ നിയന്ത്രണം തുടരുകയെന്നാണ് റിപ്പോര്‍ട്ട്.

Top