പോലീസിന് ജയ് വിളിച്ച് പൂവെറിഞ്ഞ് ജനക്കൂട്ടം; ഇത് മാസ്സ് പ്രകടനമോ, നിയമം കയ്യിലെടുക്കലോ?

ള്‍ക്കൂട്ട കൊലപാതകങ്ങള്‍ രാജ്യത്ത് വലിയ വിവാദമായ കാര്യമാണ്. ആള്‍ക്കൂട്ടം ചേര്‍ന്ന് ഒരാളുടെ വിധി നിര്‍ണ്ണയിക്കുന്ന ഘട്ടത്തില്‍ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വമുള്ള വിഭാഗമാണ് പോലീസ്. എന്നാല്‍ ഈ പോലീസ് ആള്‍ക്കൂട്ട വിധി നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ചാല്‍ അതിനെ ഏത് വിധത്തിലാണ് സ്വാഗതം ചെയ്യുക? ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ നാല് പ്രതികളെയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് വെടിവെച്ച് കൊന്നെന്ന വാദത്തില്‍ പുറത്തുവരുന്ന പ്രതികരണങ്ങളും ഈ സംശയം ഉന്നയിക്കുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഈ വാര്‍ത്ത പുറത്തുവന്നതോടെ സംഭവസ്ഥലത്ത് വന്‍തോതില്‍ ആളുകള്‍ തിങ്ങിക്കൂടി. ഷാദ്‌നഗറില്‍ പോലീസുകാരില്‍ നിന്നും തോക്കുകള്‍ കൈക്കലാക്കി വെടിവെച്ച പ്രതികളെ വെടിയുതിര്‍ത്ത് വകവരുത്തിയെന്നാണ് തെലങ്കാന പോലീസിന്റെ ഭാഷ്യം. സംഭവസ്ഥലത്ത് എത്തിയ പോലീസ് ഉദ്യോഗസ്ഥരെ ജനക്കൂട്ടം പൂവെറിഞ്ഞാണ് സ്വാഗതം ചെയ്തത്. 26കാരിയായ ഡോക്ടര്‍ക്ക് നീതി ലഭ്യമാക്കിയ പോലീസുകാര്‍ക്ക് വേണ്ടി മുദ്രാവാക്യം വിളിയും നടന്നു.

ജയ് പോലീസ്, ഹൈദരാബാദ് പോലീസ് സിന്ദാബാദ് എന്നീ മുദ്രാവാക്യങ്ങളാണ് ആളുകള്‍ ഉയര്‍ത്തുന്നത്. ഏഴ് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കവെയാണ് രാവിലെ 6.30ന് അന്വേഷണ സംഘം തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ നാടകീയമായി എന്‍കൗണ്ടര്‍ നടന്നത്. അണ്ടര്‍പാസിന് കീഴില്‍ പ്രതികളുടെ മൃതദേഹങ്ങള്‍ കിടക്കുന്നുണ്ട്.

വെറ്റിനറി ഡോക്ടറുടെ അയല്‍ക്കാര്‍ പോലീസുകാര്‍ക്ക് മധുരപലഹാരം വിതരണം ചെയ്യുന്നുണ്ട്. പോലീസുകാരെ എടുത്തുയര്‍ത്തി പോലും ജനക്കൂട്ടം ആഘോഷിക്കുന്നുണ്ട്.

Top