കമ്പിനികളില്‍ സ്വദേശിവത്കരണം: ആനുകൂല്യങ്ങളുമായി ഒമാന്‍ സര്‍ക്കാര്‍

ഒമാന്‍:സ്വദേശിവത്കരണ തോത് പാലിക്കുന്ന കമ്പിനികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്ന പുതിയ പദ്ധതിയുമായി ഒമാന്‍ സാര്‍ക്കാര്‍. സ്വദേശിവത്കരണ തോത് പാലിക്കുന്ന കമ്പിനികള്‍ക്ക് വിദേശ തൊഴിലാളികളുടെ വിസ ക്ലിയറന്‍സ് ഫാസ്റ്റ്ട്രാക്ക് സംവിധാനത്തില്‍ ലഭ്യമാക്കുന്ന പുതിയ പദ്ധതിയാണ് ഒമാന്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്.’അല്‍ മജീദ വര്‍ക്ക് എന്‍വയേണ്‍മെന്റ് മെഷര്‍ കാര്‍ഡ്’ എന്ന പദ്ധതിയാണ് ഒമാന്‍ സര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. ഇതിലൂടെ 24 മണിക്കൂറിനുള്ളില്‍ വിദേശ തൊഴിലാളികളുടെ വിസാ പെര്‍മിറ്റ് ലഭിക്കുന്നതടക്കമുളള ആനുകൂല്യങ്ങള്‍ ലഭിക്കും.

സ്വകാര്യ മേഖലയിലെ തൊഴില്‍ അന്തരീക്ഷം സ്വദേശി തൊഴിലാളികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒമാന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്. സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതിയായ തന്‍ഫീദിന്റെ ഭാഗമായാണ് ‘അല്‍ മജീദ വര്‍ക്ക് എന്‍വയേണ്‍മെന്റ് മെഷര്‍ കാര്‍ഡ്’ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബാങ്കുകള്‍, എണ്ണ, പ്രകൃതി വാതകം തുടങ്ങിയ മേഖലകളിലെ ജോലികളോടാണ് സ്വദേശികള്‍ക്ക് കൂടുതല്‍ ആകര്‍ഷണം. മറ്റ് വിഭാഗങ്ങളെയും ആകര്‍ഷകമാക്കി തീര്‍ക്കുന്നതിന്റെ ഭാഗമായാണ് അല്‍ മജീദ കാര്‍ഡ് പദ്ധതി അവതരിപ്പിച്ചത്.

സ്വദേശിവത്കരണം നടപ്പിലാക്കുകയും മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കുകയും ചെയ്ത് ആനുകൂല്യം സ്വീകരിക്കാന്‍ യോഗ്യത നേടിയ ഗ്രേഡ് വണ്‍ വിഭാഗത്തില്‍ മുന്നൂറിലധികം കമ്പനികളാണ് ഇപ്പോഴുള്ളത്.

Top