നിപാ ബാധയുടെ പേരില്‍ പേരാമ്പ്രയില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതായി പരാതി

nipah 1

കോഴിക്കോട്: നിപാ ബാധയുടെ പേരില്‍ പേരാമ്പ്ര സൂപ്പിക്കടയില്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതായി പരാതി. പ്രദേശത്തെ ശവകുടീരം സംരക്ഷിക്കാത്തത് മൂലമാണ് രോഗം വന്നതെന്നാണ് പ്രചരിപ്പിക്കുന്നത്. ശവകുടീരം ഇനിയും സംരക്ഷിച്ചില്ലെങ്കില്‍ അനര്‍ത്ഥങ്ങള്‍ വ്യാപകമാവുമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു.

കടിയങ്ങാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ശവകുടീര നിര്‍മാണത്തിന്റെ പണി തുടങ്ങിയത് ഇക്കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ്. സംഭവം വാര്‍ത്തയാവുകയും നാട്ടുകാര്‍ പരാതിപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് ചങ്ങരോത്ത് പഞ്ചായത്ത് അധികൃതകര്‍ കെട്ടിട നിര്‍മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി ശവകൂടീരത്തിന്റെ പണി പൂര്‍ത്തിയാക്കി. സ്റ്റോപ്പ് മെമ്മോ ഉണ്ടായിട്ടും പണി നടക്കുന്ന വിവരം അറിഞ്ഞില്ലെന്നും കെട്ടിടത്തെ സംബന്ധിച്ച് അടുത്ത ഭരണ സമിതിയില്‍ തീരുമാനം എടുക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

അതേസമയം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നുമായിരുന്നു സ്ഥലമുടമയുടെ നിലപാട്. കഴിഞ്ഞ ദിവസം ശവകുടീരം പൊതു ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുകയും പരിപാടിയുടെ ഭാഗമായി നിരവധി പേര്‍ക്ക് സമൂഹസദ്യ ഒരുക്കുകയും ചെയ്തിരുന്നു. അതേസമയം ശവകുടീരം ആത്മീയ വ്യാപാരത്തിന്റെ ഭാഗമാണെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്.

Top