അമ്മയെ തെറ്റിദ്ധരിപ്പിച്ചു, ജമന്തി ചെടിയാണെന്ന പേരില്‍ കഞ്ചാവ് വളര്‍ത്തി; യുവാവ് അറസ്റ്റില്‍

തുറവൂര്‍: അമ്മയെ തെറ്റിദ്ധരിപ്പിച്ച് വീട്ടുമുറ്റത്ത് കഞ്ചാവു ചെടി നട്ടുവളര്‍ത്തിയ യുവാവ് അറസ്റ്റില്‍. കുത്തിയതോട് പഞ്ചായത്ത് പത്താം വാര്‍ഡില്‍ ചാലാപ്പള്ളി വീട്ടില്‍ ഷാരൂണി(24)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജമന്തി ചെടിയാണെന്ന് പറഞ്ഞാണ് ഷാരൂണ്‍ അമ്മയെ തെറ്റിദ്ധരിപ്പിച്ചത്.

ഇതുവരെ ഒരു കൃഷി പോലും ചെയ്യാത്ത ഷാരൂണ്‍,ഈ ചെടിക്ക് ദിവസേന വെള്ളമൊഴിക്കുന്നത് കണ്ട അമ്മ കാര്യം തിരക്കിയപ്പോള്‍ ജമന്തി പോലൊരു ചെടിയാണെന്നാണ് കള്ളം പറഞ്ഞത്. എന്നാല്‍ കഞ്ചാവ് വളര്‍ത്തുന്ന വിവരം ലഭിച്ച കുത്തിയതോട് പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

തുടര്‍ന്ന് കഞ്ചാവുചെടികളെ പരിപാലിക്കുന്ന സമയത്ത് തന്നെ പൊലീസ് എത്തി യുവാവിനെ അറസ്റ്റ് ചെയ്തു. വിശദമായ ചോദ്യം ചെയ്യലില്‍ ഷാരൂണിന്റെ പക്കല്‍ നിന്ന് കഞ്ചാവ് വാങ്ങുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും വിവരങ്ങള്‍ പൊലീസിന് ലഭിച്ചു. 2016ല്‍ കഞ്ചാവ് ഉപയോഗിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്ത് ശിക്ഷിച്ചിരുന്നു.

Top