ഫോണ്‍ ചെയ്യുമ്പോള്‍ ആദ്യം കേള്‍ക്കുന്നത് ചുമയാണോ? ആ വാക്കുകള്‍ക്ക് പിന്നില്‍ ശ്രീപ്രിയ

തൃശ്ശൂര്‍: ഇപ്പോള്‍ ആരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചാലും ആദ്യം കേള്‍ക്കുന്നത് ചുമയും കൊറോണയെ കുറിച്ചുള്ള മുന്നറിയിപ്പും മുന്‍കരുതലുകളുമൊക്കെയാണ്. ആ വാക്കുകള്‍ ആദ്യം കേള്‍ക്കുന്നവര്‍ക്കുള്ളില്‍ ഭയം ഉണ്ടാക്കുമെങ്കിലും ഇപ്പോള്‍ പലര്‍ക്കും അത് സുപരിചിതമാണ്. ഈ ശബ്ദത്തിന് പിന്നില്‍ ആരാണെന്ന് പലരും ഒരു പക്ഷെ ചിന്തിച്ചിട്ടുണ്ടാകും. എങ്കിലിതാ ആ ശബ്ദത്തിനുടമ ഇവിടെയുണ്ട്.

കൊറോണ പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ പ്രീ കോളായും കോളര്‍ ട്യൂണായും വൈറസിനെതിരെ പുലര്‍ത്തേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നത്, ബിഎസ്എന്‍എല്ലിന്റെ മലയാളം അനൗണ്‍സ്‌മെന്റ്കളിലൂടെ ശ്രദ്ധേയയായ ശ്രീപ്രിയയാണ്. ഇതിന് മുന്‍പും ബിഎസ്എന്‍എല്ലിന് വേണ്ടി ശ്രീപ്രിയയുടെ ശബ്ദം ഉപയോഗിച്ചിട്ടുണ്ട്. എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്റ്റോര്‍ ഡിപ്പോ ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസറാണ് ശ്രീപ്രിയ.

ഇംഗ്ലീഷിലും ഹിന്ദിയിലും മുന്‍കരുതല്‍ സന്ദേശങ്ങള്‍ നാം കേട്ടിട്ടുണ്ട്. അതെല്ലാം ടെലികോം കമ്പനികള്‍ ഏറ്റെടുത്തതോടെയാണ് മലയാളത്തില്‍ മുന്‍കരുതല്‍ സന്ദേശത്തിന്റെ സാധ്യത തെളിഞ്ഞത്. ഇത് മലയാളികളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല, സംശയനിവാരണത്തിന് വിളിക്കേണ്ട ഹെല്‍പ് ലൈന്‍ നമ്പരുകളും ഇതോടൊപ്പം ചേര്‍ത്തത് വളരെ ഉപകാരമായെന്നാണ് പലരുടേയും അഭിപ്രായം.

പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക. ഒരു മീറ്റര്‍ അകലം പാലിക്കുക തുടങ്ങി 38 സെക്കന്റാണ് സന്ദേശം. ഒരുപക്ഷേ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാവും വാര്‍ത്താവിനിമയ സംബന്ധിയല്ലാത്ത ഒരു വിഷയത്തില്‍ ഇത്രയും പ്രചാരണം നടക്കുന്നത്.

കോള്‍ സ്വീകരിക്കുന്നയാളുടെ ഫോണില്‍ ബെല്‍ അടിക്കും മുന്‍പുള്ള പ്രീ കോള്‍ സെറ്റിങ് ആയാണ് പരമാവധി ഈ സന്ദേശം നല്‍കുന്നത്. കോളര്‍ ട്യൂണായും സന്ദേശം പ്രചരിക്കുന്നുണ്ട്.

Top