വാഹനാപകടം; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: വാഹനാപകടത്തില്‍ രണ്ട് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര കലയപുരത്താണ് അപകടം ഉണ്ടായത്. പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്ഫഹദ്, റാഷിദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. അതേസമയം ഒപ്പമുണ്ടായിരുന്ന രണ്ട് സഹപാഠികള്‍ക്ക് പരുക്കേറ്റു.

കഴിഞ്ഞദിവസം രാത്രി പത്ത് മണിയോടെ കലയപുരം വില്ലേജ് ഓഫീസിന് സമീപത്ത് വെച്ചായിരുന്നു അപകടം. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് വന്ന ജീപ്പില്‍ ബൈക്കുകള്‍ ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അല്‍ഫാസ്, ബിജിത്ത് എന്നിവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊല്ലം അഞ്ചാലുംമൂട്ടിലുള്ള ബന്ധുവീട്ടില്‍ നിന്ന് മടങ്ങവെയാണ് അപകടം ഉണ്ടായത്.

Top