സാറെ ആ പൊട്ടിയ കസേര എടുത്തോട്ടെ; സ്‌റ്റേഷനിലെത്തിയ കുട്ടിക്ക് പൊലീസുകാരുടെ സമ്മാനം

ആലപ്പുഴ: കേരളാ പൊലീസിന്റെ നന്മ നിറഞ്ഞ വാര്‍ത്തകള്‍ നാം സ്ഥിരം കാണാറുള്ളതാണ്. ഇപ്പോള്‍ ഇതാ ഒരു ആറാം ക്ലാസുകാരന്റെ ആഗ്രഹം നിറവേറ്റി കൊടുത്തിരിക്കുകയാണ് പൊലീസുകാര്‍.

ഇരിക്കാന്‍ പഴയ കസേര തരുമോ സാറെ.. എന്നായിരുന്നു ആ കുട്ടിയുടെ ചോദ്യം. പഴയ പൊലീസുകാരുടെ ധാര്‍ഷ്ട്യമൊന്നും ആ മുഖത്ത് കണ്ടില്ലെന്ന് മാത്രമല്ല ആ കുട്ടിയെ ചേര്‍ത്തു നിര്‍ത്തി പുഞ്ചിരിച്ചുകൊണ്ട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. കൂടാതെ പുതിയ രണ്ട് കസേരകളും വാങ്ങി നല്‍കി.ചേര്‍ത്തല ഡിവൈഎസ്പി ഓഫീസില്‍ ചൊവ്വാഴ്ച രാവിലെയാണ് മനസുകുളിര്‍പ്പിക്കുന്ന സംഭവം നടന്നത്.

എഎസ് കനാല്‍ തീരത്ത് പുറമ്പോക്കിലെ കൂരയിലാണ് ആറാം ക്ലാസുകാരന്‍ താമസിക്കുന്നത്. പൊലീസ് സ്റ്റേഷന്റെ പിന്നില്‍ സൂക്ഷിച്ചിട്ടുള്ള പൊട്ടിയ കസേരകളിലൊന്ന് എടുത്തോട്ടെയെന്നായിരുന്നു ആ കുട്ടിയുടെ ചോദ്യം. തുടര്‍ന്ന് കുട്ടിയെ ഉദ്യോഗസ്ഥര്‍ ഓഫീസിനുള്ളില്‍ വിളിച്ചിരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. തന്റെ വീട്ടില്‍ കസേരയില്ലെന്നും അതിനാലാണ് വന്നതെന്നുമായിരുന്നു കുട്ടിയുടെ മറുപടി.

നാളെവാ എന്ന് പൊലീസ് കുട്ടിയോട് പറഞ്ഞു. കുട്ടിയെ മടക്കി അയച്ച ശേഷം ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ച് പുതിയ കസേര വാങ്ങി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. അടുത്ത ദിവസം കൃത്യസമയത്ത് എത്തിയ കുട്ടിക്ക് പുതിയ രണ്ട് കസേരകള്‍ ഡിവൈഎസ്പി എ.ജി ലാല്‍ കൈമാറി. പിന്നീട് ഉദ്യോഗസ്ഥര്‍ തന്നെ കസേര വീട്ടിലെത്തിച്ച് നല്‍കുകയും ചെയ്തു.

കുട്ടിയുടെ പിതാവ് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലാണ്. മാതാവ് ലോട്ടറി ടിക്കറ്റ് വിറ്റാണ് കുടുംബം നോക്കുന്നത്.

Top