വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി, ആശങ്കിയില്‍ നാട്ടുകാര്‍

കോഴിക്കോട്: കോഴിക്കോട് വവ്വാലുകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത് ആശങ്കജനിപ്പിക്കുന്നു. കൊറോണയ്ക്ക് പുറമെ സംസ്ഥാനത്ത് പക്ഷിപ്പനിയും സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ കാഴ്ച എന്നത് നാട്ടുകാരില്‍ അടക്കം ഭീതി പടര്‍ത്തിയിരിക്കുകയാണ്.

കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് വവ്വാലുകളെ ചത്തനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തുകയാണ്. പക്ഷിപ്പനിയുടെ സാഹചര്യത്തില്‍ രൂപീകരിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

എന്നാല്‍, പക്ഷിപ്പനിയെ ഗൗരവത്തില്‍ എടുക്കാതെ വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലെ നാട്ടുകാര്‍ സഹകരിക്കുന്നില്ല എന്നത് അധികൃതരെ സംബന്ധിച്ച് പ്രയാസകരമായ കാര്യമാണ്. പലരും കോഴികള്‍ അടക്കമുള്ളവയെ കൂട്ടത്തോടെ മാറ്റുകയും വിലകൂടിയ അലങ്കാര പക്ഷികളെ വീട്ടില്‍ നിന്ന് മറ്റു സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തിരിക്കുകയാണ്. ഇത് വലിയ രീതിയിലുള്ള അപകടത്തിന് വഴിയൊരുക്കും എന്ന ആശങ്കയാണ് അധികൃതര്‍ പങ്കുവെക്കുന്നത്.

അതേസമയം വളര്‍ത്തു പക്ഷികളെ കൊന്ന് കത്തിച്ച് കളയുന്ന പ്രക്രിയ ഒരാഴ്ച കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്നാണ് ജില്ലാ ഭരണ കൂടത്തിന്റെ കണക്ക് കൂട്ടല്‍. അതേസമയം, മാവൂര്‍ ഭാഗത്ത് നിന്ന് പക്ഷിപ്പനി സംശയത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

Top