പ്രാദേശിക ലോക്ക്ഡൗണ്‍ വേണ്ട, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു; കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് പ്രദേശിക ലോക്ഡൗണ്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍. ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തുന്ന ഹ്രസ്വ ലോക്ക്ഡൗണ്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് കോവിഡ് ബാധ രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.

‘ലോക്ക്ഡൗണ്‍ നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ആഗോളതലത്തില്‍ ഇത് പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണെങ്കിലും നമ്മളിപ്പോള്‍ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളില്‍ ശ്രദ്ധകാണിക്കേണ്ടതുണ്ട്. അവിടുത്തെ വ്യാപനം നിയന്ത്രണവിധേയമാണെന്ന് ഉറപ്പാക്കണം. ഒന്നോ രണ്ടോ ദിവസത്തേക്ക് അടിച്ചേല്‍പ്പിക്കുന്ന ലോക്ക്ഡൗണ്‍ എത്രത്തോളം ഫലപ്രദമാണെന്ന് സംസ്ഥാനങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. ഈ ലോക്ക്ഡൗണ്‍ കാരണം സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ പ്രശ്നങ്ങള്‍ നേരിടരുത്. ഈ വിഷയം സംസ്ഥാനങ്ങള്‍ ഗൗരവപരമായി കാണണമെന്നാണ് എന്റെ നിര്‍ദേശം. ഫലപ്രദമായ പരിശോധന, ചികിത്സ, നിരീക്ഷണം, വ്യക്തമായ സന്ദേശങ്ങള്‍ നല്‍കല്‍ എന്നിവയില്‍ നമ്മള്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്’ പ്രധാനമന്ത്രി പറഞ്ഞു.

മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, കര്‍ണാടക, ഉത്തര്‍പ്രദേശ്, തമിഴ്നാട്, ഡല്‍ഹി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തെ ആകെയുള്ള കോവിഡ് കേസുകളില്‍ 63 ശതമാനത്തിന് മുകളിലും ഈ സംസ്ഥാനങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജില്ലാ ബ്ലോക്ക് തലങ്ങളിലെ ഉദ്യോഗസ്ഥരുമായി ദിവസവും വെര്‍ച്വല്‍ യോഗങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് ആവശ്യപ്പെട്ടു.

Top