സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മധ്യപ്രദേശില്‍ ബിജെപിയില്‍ പൊട്ടിത്തെറി; പ്രാദേശിക നേതാക്കള്‍ കേന്ദ്രമന്ത്രിയെ വളഞ്ഞു

ഭോപ്പാല്‍: മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ വളഞ്ഞു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം. കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശര്‍മക്ക് നേരെയും സീറ്റ് കിട്ടാത്തതിനെ ചൊല്ലി കടുത്ത പ്രതിഷേധം ഉയര്‍ന്നു. ഇന്നലെ 92 സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. മുന്‍പ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നപ്പോഴും പാര്‍ട്ടി ആസ്ഥാനത്തടക്കം പ്രതിഷേധം ഉയര്‍ന്നിരുന്നു.

മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ യുവാക്കളുടെ വോട്ട് നേടാനുള്ള പ്രയത്‌നത്തിലാണ് ബിജെപിയും കോണ്‍ഗ്രസും. വോട്ട് ചെയ്യുമ്പോള്‍ വിദ്യാഭ്യാസവും തൊഴിലില്ലായ്മയും മുതല്‍ സുരക്ഷ വരെയുള്ള വിഷയങ്ങളാണ് സംസ്ഥാനത്തെ യുവാക്കുകളുടെ പ്രധാന പരിഗണന.

അതേസമയം ഇന്ത്യ സഖ്യം സംസ്ഥാനത്തെ തെരഞ്ഞെടുപ്പില്‍ പൊളിഞ്ഞത് കോണ്‍ഗ്രസ് – സമാജ്‌വാദി പാര്‍ട്ടി ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. ഈ തര്‍ക്കം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ അഖിലേഷ് യാദവുമായി സംസാരിച്ചു. മുതിര്‍ന്ന നേതാവ് വിളിച്ചിരുന്നുവെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.

Top