അമേഠി കൈവിട്ടത് ഇങ്ങനെ; രാഹുലിനോട് പരാജയ കാരണങ്ങള്‍ പറഞ്ഞ്‌ നേതാക്കള്‍

അമേഠി: ലോക്‌സഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ആദ്യമായി അമേഠിയിലെത്തിയ രാഹുല്‍ ഗാന്ധിയോട് തെരഞ്ഞെടുപ്പിലെ പരാജയ കാരണങ്ങള്‍ നിരത്തി അമേഠിയിലെ കോണ്‍ഗ്രസ് നേതാക്കള്‍. മണ്ഡലത്തിലെ വികസന മുരടിപ്പും സാധാരണക്കാര്‍ക്ക് സമീപിക്കാന്‍ കഴിയാത്തയാളാണെന്ന പ്രതീതിയും ആണ് രാഹുലിനെ പരാജയത്തിലേക്കെത്തിച്ചതെന്ന് പ്രാദേശിക നേതാക്കള്‍ പറഞ്ഞു.

”തങ്ങളുടെ ജനപ്രതിനിധി അപ്രാപ്യനാണെന്ന തോന്നല്‍ സാധാരണക്കാരിലുണ്ടായി. പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം നേതാക്കള്‍ ഈ പ്രചാരണത്തിന് ആക്കം കൂട്ടി. എടുത്തു പറയാവുന്ന വികസന നേട്ടങ്ങളൊന്നും മണ്ഡലത്തിലില്ല, ചുരുങ്ങിയ കാലം കൊണ്ട് സ്മൃതി ഇറാനി നേടിയ ജനകീയതയും മറ്റൊരു കാരണമായി”- രാഹുല്‍ഗാന്ധിയോട് നേതാക്കള്‍ പറഞ്ഞു.

തോല്‍വിക്ക് ശേഷം ആദ്യമായി അമേഠിയിലെത്തിയ രാഹുല്‍ഗാന്ധി അഞ്ച് നിയമസഭ മണ്ഡലങ്ങളിലെ നേതാക്കളുമായി ചര്‍ച്ച നടത്തി. കുത്തക മണ്ഡലം കൈവിട്ടതിലുള്ള കടുത്ത അതൃപ്തി നേതാക്കളെ രാഹുല്‍ അറിയിച്ചുവെന്നാണ് സൂചന. 2014 ലെ തോല്‍വിക്ക് ശേഷം സ്മൃതി ഇറാനി മണ്ഡലത്തില്‍ സജീവമായതുപോലെ രാഹുലും അമേഠിയിലുണ്ടാകണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. സ്ഥിതിഗതികള്‍ വിലയിരുത്തി അറിയിക്കാന്‍ തക്കവണ്ണം ഒരു സംവിധാനം അമേഠിയിലുണ്ടാകണമെന്ന് രാഹുല്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം. അമേഠിയിലെത്തിയതില്‍ വലിയ സന്തോഷമുണ്ടെന്നും, വീട്ടിലെത്തിയ തോന്നലാണുണ്ടായതെന്നും പിന്നീട് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു.

Top