പുതുവര്‍ഷ സമ്മാനമായി മുംബൈയ്ക്ക് ലോക്കല്‍ എസി ട്രെയിനുകള്‍

പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ മുംബൈയ്ക്ക് ലോക്കല്‍ എസി ട്രെയിനുകളെയാണ് സമ്മാനമായി ലഭിക്കുന്നത്.

കേന്ദ്ര റെയില്‍ മന്ത്രാലയമാണ് ഇതിനുള്ള അനുമതി നല്‍കിയത്.

ഇന്ത്യയിലെ ആദ്യത്തെ ലോക്കല്‍ ട്രെയിനുകള്‍ മുംബൈയ്ക്ക് സ്വന്തമാകും.

മുംബൈ സബ്അര്‍ബന്‍ റെയില്‍ സര്‍വീസിലേക്ക് എസി ലോക്കല്‍ ട്രെയിനുകളെ ഉള്‍പ്പെടുത്തുമെന്ന് റയില്‍ മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചു.

ജനുവരി ഒന്ന് മുതല്‍ പുതിയ എസി ലോക്കല്‍ ട്രെയിനുകള്‍ മുംബൈയില്‍ യാത്ര ആരംഭിക്കുമെന്നാണ് വിവരം.

ഒരു പതിറ്റാണ്ട് നീളുന്ന മുംബൈ ജനതയുടെ സ്വപ്നമാണ് അവസാനഘട്ടത്തില്‍ എത്തിയിരിക്കുന്നത്.

പ്രതിദിനം 65 ലക്ഷം യാത്രക്കാരാണ് മുംബൈയുടെ ലോക്കല്‍ ട്രെയിനുകളെ ആശ്രയിക്കുന്നത്.ഇതില്‍ 35 ലക്ഷം യാത്രക്കാരും സഞ്ചരിക്കുന്നത് പശ്ചിമ ലൈനിലൂടെയുമാണ്.

ആദ്യ ഘട്ടത്തില്‍ പ്രതിദിനം ഏഴ് സര്‍വീസ് നടത്തുന്ന എസി ട്രെയിനായിരിക്കും പശ്ചിമ ലൈനില്‍ സര്‍വീസ് നടത്തുക.

ദില്ലി മെട്രോയ്ക്ക് സമാനമായ നിരക്കാകും എസി ലോക്കല്‍ ട്രെയിനുകളിലും ഈടാക്കുക എന്നാണ് സൂചന.

നിലവിലുള്ള ലോക്കല്‍ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നിരക്കില്‍ നിന്നും ഒന്നര ഇരട്ടി വര്‍ധനവിലായിരിക്കും എസി ലോക്കല്‍ ട്രെയിനുകളില്‍ നിരക്ക് ഈടാക്കുക.

ട്രെയിനിനെ ഈ മാസം അവതരിപ്പിക്കാനാണ് തീരുമാനിച്ചരുന്നതെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം ജനുവരി ഒന്നിലേക്ക് മാറ്റുകയായിരുന്നു.

മുംബൈ സബ്അര്‍ബന്‍ റെയില്‍വെ ശൃഖലയിലുള്ള പശ്ചിമ ലൈനില്‍ 37 സ്റ്റേഷനുകളാണുള്ളത്.

എസി ലോക്കല്‍ ട്രെയിനിന് പുറമെ മുംബൈ സ്റ്റേഷനുകളില്‍ 370 എസ്‌കലേറ്ററുകളും സിസിടിവികളും ഘടിപ്പിക്കുന്നതിനുള്ള അനുമതി നല്‍കിയെന്ന് പിയൂഷ് ഗോയല്‍ പറഞ്ഞു.

Top