തദ്ദേശ തെരഞ്ഞെടുപ്പ്: വിശ്വാസികളുടെ യോഗംവിളിച്ച് സിപിഎം

കൊല്ലം : തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പ് ഓരോ ലോക്കല്‍ കമ്മിറ്റിയുടെ പരിധിയിലും വിശ്വാസികളുടെ യോഗം വിളിക്കാന്‍ നിര്‍ദേശിച്ച് സിപിഎം. ക്ഷേത്ര, പള്ളിക്കമ്മിറ്റി ഭാരവാഹികളുടെയും ദേവസ്വം ജീവനക്കാരുടെയും യോഗങ്ങളാണ് പ്രത്യേകം പ്രത്യേകമായി വിളിക്കുന്നത്. സ്വകാര്യ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരെയും യോഗങ്ങളില്‍ പങ്കെടുപ്പിക്കും.

ശബരിമല യുവതീപ്രവേശന വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയോട് അകന്ന വിഭാഗങ്ങളെ ഒപ്പംകൂട്ടാന്‍ യോഗങ്ങള്‍ സഹായിക്കുമെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയിടരുതെന്ന സംഘപരിവാര്‍ പ്രചാരണംമൂലം ക്ഷേത്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ യോഗങ്ങളില്‍ വിശദീകരിക്കും. ദേവസ്വം ബോര്‍ഡിനും സ്വകാര്യ ക്ഷേത്രങ്ങള്‍ക്കും സംസ്ഥാനസര്‍ക്കാര്‍ നല്‍കിയ സഹായങ്ങളും ചര്‍ച്ചചെയ്യും.

ക്രിസ്ത്യന്‍, മുസ്ലിം പള്ളികളിലും സ്ഥാപനങ്ങളിലും മതേതര വിശ്വാസികള്‍ ഭാരവാഹികളായി വരേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തണമെന്നും സിപിഎം കീഴ്ഘടകങ്ങളോട് പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരുടെ ലോക്കല്‍തല യോഗങ്ങളില്‍ പങ്കെടുക്കാത്തവരെ നേതാക്കള്‍ നേരിട്ട് ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അടിസ്ഥാനത്തില്‍ ഇടത്തരക്കാരുടെ യോഗവും വിളിച്ചുചേര്‍ക്കും. കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഡെപ്പോസിറ്റ് കളക്ഷന്‍ ഏജന്റുമാര്‍ എന്നിവരുടെ യോഗങ്ങളും സംഘടിപ്പിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഈ യോഗങ്ങളുടെ സമയക്രമം ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ നിശ്ചയിച്ചുകൊടുക്കും. ഇത്തരം യോഗങ്ങളെല്ലാം നവംബര്‍ 10-നുമുന്‍പ് പൂര്‍ത്തിയാക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം.

Top