തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; വോട്ടര്‍പട്ടിക പുതുക്കുന്നു; കരട് സെപ്റ്റംബര്‍ 12 ന്

തിരുവനന്തപുരം: പതിനൊന്ന് ജില്ലകളിൽ ഒഴിവ് വന്ന 30 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടർപട്ടിക പുതുക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു. കരട് വോട്ടർപട്ടിക സെപ്റ്റംബർ 12 ന് പ്രസിദ്ധീകരിക്കും. 12 മുതൽ 26 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാം. അന്തിമപട്ടിക ഒക്ടോബർ 10 ന് പ്രസിദ്ധീകരിക്കും.

പട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും ഭേദഗതികൾ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ഫോം 5 ൽ ആക്ഷേപങ്ങൾ നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് നൽകണം.

കരട് വോട്ടർപട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. www.lsgelection.kerala.gov.in ലും ലഭ്യമാണ്.

ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾക്ക് അവ ഉൾക്കൊള്ളുന്ന ഗ്രാമപഞ്ചായത്ത് വാർഡുകളിലെയും മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകൾക്ക് ബന്ധപ്പെട്ട വാർഡുകളിലെയും പട്ടികയാണ് പുതുക്കുന്നത്.

Top