തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്; കൊച്ചിയില്‍ നിര്‍ണായകം

തിരുവനന്തപുരം: സംസ്ഥാനത്തെ 32 തദ്ദേശവാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇന്ന് വോട്ടെണ്ണല്‍ നടക്കും. രാവിലെ പത്ത് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങുന്നത്. ജില്ലാപഞ്ചായത്തുകളിലെ മൂന്നും തിരുവനന്തപുരം കൊച്ചി കോര്‍പ്പറേഷനുകളിലെ ഓരോ വാര്‍ഡുകളിലും തെരഞ്ഞെടുപ്പ് നടന്നിരുന്നു.

സ്വതന്ത്രരുടെ പിന്തുണയോടെ ഭരണം തുടരുന്ന കൊച്ചി കോര്‍പ്പറേഷന്‍ ഗാന്ധിനഗര്‍ ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പ് ഫലം ഇടത് മുന്നണിക്ക് അഭിമാന പോരാട്ടമാണ്. കൗണ്‍സിലര്‍ കെ കെ ശിവന്റെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഗാന്ധിനഗറില്‍ കെ കെ ശിവന്റെ ഭാര്യ ബിന്ദു ശിവനാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി. ഡിസിസി സെക്രട്ടറി പി ഡി മാര്‍ട്ടിനിലൂടെ അട്ടിമറി വിജയമാണ് യു ഡി എഫ് ലക്ഷ്യമിടുന്നത്. രാവിലെ പത്ത് മണിക്ക് മഹാരാജാസ് കോളേജില്‍ വെച്ചാണ് വോട്ടെണ്ണല്‍.

അംഗബലം ഒപ്പത്തിനൊപ്പമെത്തിയ പിറവം നഗരസഭയിലും ഭരണം നിലനിര്‍ത്താന്‍ എല്‍ഡിഎഫിന് 14 ാം ഡിവിഷന്‍ വിജയിക്കണം. 27 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫ് യുഡിഎഫ് അംഗബലം 13 വീതമാണ്. ഒരു കൗണ്‍സിലറുടെ മരണവും, മറ്റൊരു കൗണ്‍സിലര്‍ സര്‍ക്കാര്‍ ജോലി കിട്ടി രാജി വെക്കുകയും ചെയ്തതോടെയാണ് എല്‍ ഡി എഫ് അംഗബലം 15 ല്‍ നിന്ന് 13 ലെത്തിയത്. ഡോ. അജേഷ് മനോഹറാണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥി. അരുണ്‍ കല്ലറയ്ക്കലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. ജയിച്ചാല്‍ ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.

Top