അഭിപ്രായ സർവേകൾക്ക് വൻ തിരിച്ചടി, ഉപതിരഞ്ഞെടുപ്പിലൂടെ മാസ് മറുപടി ! !

ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെയും സി.പി.എമ്മിന്റെയും തകര്‍ച്ച പ്രവചിച്ച അഭിപ്രായ സര്‍വേകള്‍ക്ക് കേരളം നല്‍കിയ മറുപടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലം.

12 ജില്ലകളിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന നേട്ടമാണ് ഇടതുപക്ഷം കൈവരിച്ചത്.16 സീറ്റിലാണ് ചെമ്പടയുടെ മുന്നേറ്റമുണ്ടായത്. മറ്റിടങ്ങളില്‍ വലിയ തോതില്‍ വോട്ട് വര്‍ദ്ധിപ്പിക്കാനും കഴിഞ്ഞു.

കേരളം ഉഴുത് മറിക്കുമെന്നും ലോകസഭയില്‍ കേരളത്തില്‍ നിന്നും താമര വിരിയുമെന്നും പറഞ്ഞ ബി.ജെ.പിക്ക് ഒരു സീറ്റു പോലും നേടാനായില്ല എന്നത് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.ശബരിമല പ്രക്ഷോഭം കത്തി നിന്ന പത്തനംതിട്ടയിലെ റാന്നിയില്‍ പോലും ബി.ജെ.പിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

യു.പി മുഖ്യമന്ത്രി ആദിത്യനാഥ് ഉള്‍പ്പെടെ ഉള്ളവര്‍ ലോകസഭ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാനത്ത് പര്യടനം തുടരവെയാണ് ഒരു സീറ്റു പോലും നേടാന്‍ കഴിയാത്ത തദ്ദേശ ഫലം പുറത്ത് വന്നത്.

cpm

cpm

12 സീറ്റാണ് യു.ഡി.എഫ് നേടിയത്. അതും ഇടതു വിരുദ്ധ വിശാല മുന്നണിയായിട്ടായിരുന്നു പലയിടത്തും മത്സരിച്ചിരുന്നത് എന്നതും ഓര്‍ക്കണം.മുസ്ലീം ലീഗ് കോട്ടയെന്ന് അവകാശപ്പെടുന്ന മലപ്പുറത്ത് വന്‍ പ്രഹരമാണ് ലീഗിനും യു.ഡി.എഫിനും ലഭിച്ചത്. ഇവിടെ യു.ഡി.എഫ് ഭരിക്കുന്ന തിരൂര്‍ ബ്ലോക്ക് പഞ്ചായത്തും കാവന്നൂര്‍ ഗ്രാമ പഞ്ചായത്തും ഇനി ഇടതുപക്ഷം ഭരിക്കും.

വ്യാവസായിക തലസ്ഥാനമായ കൊച്ചി നഗരസഭയില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും ഇടതുപക്ഷമാണ് വിജയിച്ചത്. ഇതടക്കം മറ്റു ജില്ലകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും വാശിയേറിയ മത്സരമാണ് നടന്നിരുന്നത്.

ലോകസഭ തിരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഈ വിധിയെഴുത്ത് ഇടതുപക്ഷത്തെ സംബന്ധിച്ച് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണ്.


ഒരു അഭിപ്രായ സര്‍വ്വേകളിലും ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നേറ്റം പ്രവചിച്ചിരുന്നില്ല. മാത്രമല്ല അഞ്ചില്‍ താഴെ സീറ്റില്‍ ഒതുങ്ങുമെന്ന് കേരളത്തിലെ പ്രധാന ചാനല്‍ പുറത്ത് വിട്ട സര്‍വേയിലും വ്യക്തമാക്കുകയുണ്ടായി. ഈ സര്‍വേഫലം യു.ഡി.എഫിനും ബി.ജെ.പിക്കും ഉണ്ടാക്കിയ ആവേശം ആശങ്കക്ക് വഴിമാറ്റുന്നതാണ് ഉപതിരഞ്ഞെടുപ്പ് ഫലം.

ലോകസഭയില്‍ ദേശീയ രാഷ്ട്രീയമാണ് വിലയിരുത്തപ്പെടുക എന്ന് സ്വയം ആശ്വസിക്കുന്നവരും ഇടത് പ്രകടനത്തില്‍ അസ്വസ്ഥരാണ്. കേരളത്തിലെ ഹൈന്ദവ വിശ്വാസി സമൂഹം സര്‍ക്കാറിന് എതിരാണെങ്കില്‍ എങ്ങനെ ഈ വിജയം ഇടതിന് ലഭിച്ചു എന്നതാണ് ഇവരെ കുഴക്കുന്ന ചോദ്യം.

ശബരിമല എഫക്ട് സാധാരണ കുടുംബങ്ങളെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു എങ്കില്‍ ഇടതിന് ഈ ഉപതിരഞ്ഞെടുപ്പില്‍ തന്നെ വലിയ തിരിച്ചടി ലഭിക്കുമായിരുന്നു.

വനിതാ മതിലിലെ മലപ്പുറത്തെ പ്രാധിനിത്യത്തില്‍ അമ്പരന്ന മുസ്ലീം ലീഗ് നേതൃത്വത്തിന് അപ്രതീക്ഷിത അഘാതമാണ് തിരൂരിലെ ഇപ്പോഴത്തെ തിരിച്ചടി.

വേങ്ങരയിലും ചെങ്ങന്നൂരിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ലഭിച്ച ന്യൂനപക്ഷ പിന്തുണ ഇപ്പോഴും ശക്തമായി ഇടതുപക്ഷത്തിന് തന്നെ ലഭിക്കുന്നുണ്ടെന്നാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും തെളിയിക്കുന്നതെന്നാണ് രാഷ്ട്രിയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

ലോകസഭ അഭിപ്രായ സര്‍വെകളില്‍ ആശങ്കയിലായിരുന്ന ഇടതു മുന്നണി പ്രവര്‍ത്തകരെ സംബന്ധിച്ച് ഏറെ ആത്മവിശ്വാസം പകരുന്ന വിധിയെഴുത്തായി തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം ഇതിനകം തന്നെ മാറിയിട്ടുണ്ട്. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ സര്‍വേകള്‍ക്കും മീതെ വന്‍ വിജയം ഇടതുപക്ഷം നേടുമെന്നാണ് സി.പി.എം അവകാശപ്പെടുന്നത്.

Top