തദ്ദേശ അധ്യക്ഷ സംവരണം; സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും അപ്പീല്‍ സമര്‍പ്പിച്ചു

kerala hc

കൊച്ചി: തുടര്‍ച്ചയായി രണ്ടു തവണയില്‍ കൂടുതല്‍ സംവരണം ചെയ്യപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷപദവി പൊതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. എതിര്‍ സത്യവാങ്മൂലം നല്‍കാന്‍ സമയം ലഭിച്ചില്ലെന്നു കാണിച്ചാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുന്നതിനാല്‍ സംവരണ ക്രമം തിരുത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടിയാണു കമ്മിഷന്‍ അപ്പീല്‍ നല്‍കിയത്.

കഴിഞ്ഞ 12ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ച ശേഷമാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സംവരണ വിഷയത്തില്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട് എത്തിയ ഹര്‍ജികളെല്ലാം ഒറ്റ ബാച്ചുകളായാണ് കോടതി പരിഗണിച്ചത്. ഇത് ശരിയായില്ലെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടുന്നു.

പൊതു വിഭാഗത്തിനു കൂടി അവസരം ലഭിക്കുന്നതിനാണ് സംവരണ തത്വങ്ങളില്‍ പരിവൃത്തി നിശ്ചയിച്ചിരിക്കുന്നത് എന്നതുള്‍പ്പടെയുള്ള കോടതിയുടെ നീരീക്ഷണത്തില്‍ പോരായ്മകളുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യപ്രകാരം ഇന്ന് കേസ് പരിഗണിച്ച കോടതി ഇത് ബുധനാഴ്ചയിലേക്കു മാറ്റിവച്ചു.

Top