വായ്പ തട്ടിപ്പ് കേസ്; മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി

ന്യൂയോര്‍ക്ക്: അധിക വായ്പ നേടാന്‍ വ്യാജരേഖകള്‍ ചമച്ച കേസില്‍ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ബിസിനസ് മൂല്യം പെരുപ്പിച്ച് കാട്ടി ബാങ്കുകളെ കബളിപ്പിച്ച കേസില്‍ 354.9 മില്യണ്‍ ഡോളര്‍ പിഴയായി നല്‍കണമെന്ന് ന്യൂയോര്‍ക്ക് കോടതി വിധിച്ചു. മൂന്നുവര്‍ഷത്തേക്ക് കമ്പനി ഓഫിസറായോ ഡയറക്ടറായോ പ്രവര്‍ത്തിക്കാനും ട്രംപിന് വിലക്കുണ്ട്. ട്രംപിന്റെ മക്കളായ ഡോണള്‍ഡ് ട്രംപ് ജൂനിയര്‍, എറിക് ട്രംപ് എന്നിവര്‍ നാലു മില്യണ്‍ വീതം പിഴ അടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഇരുവര്‍ക്കും രണ്ടുവര്‍ഷത്തേക്ക് കമ്പനി ഡയറക്ടറായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. രാഷ്ട്രീയ വേട്ടയാണെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും ട്രംപ് അറിയിച്ചു. മൂന്ന് മാസത്തോളം നീണ്ട കോടതി നടപടികള്‍ക്കൊടുവിലാണ് ജഡ്ജ് ആര്‍തര്‍ എങ്കറോണ്‍ ട്രംപിനെതിരെ വിധി പ്രസ്താവം നടത്തിയത്. വര്‍ഷങ്ങളോളം വഞ്ചനാപരമായ നടപടികള്‍ ട്രംപ് ചെയ്തതായി ട്രംപിനെതിരെ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റിഷ്യ ജെയിംസ് വാദിച്ചു.

വിചാരണ ആരംഭിക്കുന്നതിന് മുമ്പുതന്നെ ട്രംപിന്റെ സാമ്പത്തിക മൂല്യങ്ങള്‍ വഞ്ചനാപരമാണെന്ന് ജെയിംസ് തെളിയിച്ചതായി എങ്കറോണ്‍ വിധിച്ചു. ട്രംപിന്റെ ചില കമ്പനികള്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് നീക്കം ചെയ്യാനും പിരിച്ചുവിടാനും ജഡ്ജി ഉത്തരവിട്ടു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരിച്ചുവരവിനായി പ്രചാരണം നടത്തുന്ന ട്രംപിന് തലവേദനയായിരിക്കുകയാണ് ഈ കേസ്.

Top