വായ്പ കുടിശ്ശിക: കെഎസ്ആര്‍ടിസിക്ക് ജപ്തി നോട്ടീസ് അയച്ച് കെ.ടി.ഡി.എഫ്.സി

തിരുവനന്തപുരം:കെഎസ്ആര്‍ടിസിയ്ക്ക് ജപ്തി നോട്ടീസ്. വായ്പാ തിരിച്ചടവില്‍ വീഴ്ച വരുത്തിയതിന് കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെ.ടി.ഡി.എഫ്.സി) ആണ് കെഎസ്ആര്‍ടിസിയ്ക്ക് ജപ്തി നോട്ടീസ് അയച്ചിരിക്കുന്നത്. 700 കോടി രൂപയോളമാണ് കെ.ടി.ഡി.എഫ്.സിക്ക് കെഎസ്ആര്‍ടിസി നല്‍കാനുള്ളത്. എത്രയും വേഗം പണമടച്ചില്ലെങ്കില്‍ വസ്തുകള്‍ ജപ്തി ചെയ്യുമെന്ന് നോട്ടീസില്‍ പറയുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകില്ലെന്നും കെ.ടി.ഡി.എഫ്.സിയുടെ മുന്നറിയിപ്പ്.

ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പോലും നിവര്‍ത്തിയില്ലാതെ നട്ടം തിരിയുമ്പോഴാണ് കെ.ടി.ഡി.എഫ്.സിയുടെ ഇരുട്ടടി. പലിശയടക്കം 700 കോടി എത്രയും വേഗം തിരിച്ചടച്ചില്ലെങ്കില്‍ ജപ്തിയിലേക്ക് കടക്കുമെന്ന് നോട്ടീസില്‍ പറയുന്നു. ഇനി മുന്നറിയിപ്പുകളുണ്ടാകില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ 350 കോടി മാത്രമേ തിരിച്ചടയ്ക്കാനുള്ളൂവെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം.

ജൂലൈ മാസത്തെ ശമ്പളം 22ന് മുമ്പ് നല്‍കുമെന്നായിരുന്നു തൊഴിലാളി യൂണിയനുകള്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ അക്കാര്യത്തിലും തീരുമാനമായില്ല. ധനവകുപ്പ് പണം അനുവദിച്ചാല്‍ ഇന്ന് തന്നെ ശമ്പളം നല്‍കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി ഓണം അലവന്‍സും അഡ്വാന്‍സും സംബന്ധിച്ച് അംഗീകൃത തൊഴിലാളി സംഘടനകളുമായി സിഎംഡി ഇന്ന് വൈകിട്ട് നാലിന് ചര്‍ച്ച നടത്തും.

അലവന്‍സായി 1000 രൂപയും അഡ്വാന്‍സായി 1000 രൂപയും നല്‍കാനാണ് മാനേജ്മെന്റ് ഉദ്ദേശിക്കുന്നത്. കൃത്യമായ ഓണം അലവന്‍സും അഡ്വാന്‍സും ലഭിച്ചാല്‍ മാത്രമേ 26 ന് പ്രഖ്യാപിച്ച സമരത്തില്‍ നിന്ന് പിന്മാറുകയുള്ളൂവെന്നും യൂണിയനുകള്‍ അറിയിച്ചിട്ടുണ്ട്.

Top