LNG project will complete soon

ന്യൂഡല്‍ഹി: എല്‍എന്‍ജി പൈപ്പ് ലൈന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ധാരണയായെന്ന് പെട്രൊനൈറ്റ് എംഡി പ്രഭാത് സിങ്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിയുടെ തടസങ്ങള്‍ നീക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം പദ്ധതിയുടെ വിശദമായ റിപ്പോര്‍ട്ട് എംഡിയില്‍ നിന്നും തേടിയതായി പിണറായി വിജയനും പ്രതികരിച്ചു.

കേരളത്തിന്റെ വികസന പദ്ധതിയായിട്ടാണ് നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ ഗെയില്‍ പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതിയെ വാഴ്ത്തിയിരുന്നത്. പൈപ്പ് ലൈന്‍ വഴി വീടുകളിലേക്ക് പാചകവാതകം എത്തുമെന്നതാണ് ഇതിന്റെ മെച്ചം.

രാജ്യത്തെ നാലു പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന പെട്രോനെറ്റ് എല്‍എന്‍ജി ലിമിറ്റഡാണ് ഇന്ത്യയിലേക്ക് കൊച്ചി പുതുവൈപ്പിന്‍ ടെര്‍മിനലിലേക്കും ഗുജറാത്തിലെ ദാഹോജിലെ ടെര്‍മിനലിലേക്കും പ്രകൃതിവാതകം ഖത്തറിലെ റാസ് ഗ്യാസ് വഴി ഇറക്കുമതി ചെയ്യുന്നത്.

ഗെയില്‍, ഒഎന്‍ജിസി, ഐഒസി, ബിപിസിഎല്‍ എന്നീ പൊതുമേഖലാ കമ്പനികള്‍ ചേര്‍ന്നാണ് പെട്രോളിയം പ്രകൃതിവാതകം സെക്രട്ടറി ചെയര്‍മാനായി പെട്രോനെറ്റ് എന്ന കമ്പനി രൂപീകരിച്ചിരിക്കുന്നതും.

ജനങ്ങളുടെ എതിര്‍പ്പുകള്‍ അവഗണിച്ച് ഗെയിലിന്റെ വാതകക്കുഴലുകള്‍ സ്ഥാപിക്കാനായി സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിച്ചത് നേരത്തെ പലയിടത്തും സംഘര്‍ഷത്തിന് കാരണമായിരുന്നു. എറണാകുളം, മലപ്പുറം എന്നീ ജില്ലകളില്‍ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് നേരത്തെ ലാത്തിച്ചാര്‍ജുകളും നടന്നിരുന്നു.

Top