LNG- Dharmendra Pradhan

ന്യൂഡല്‍ഹി: എല്‍പിജി സബ്‌സിഡി ഉപേക്ഷിക്കാന്‍ സന്നദ്ധരായവരില്‍ അധികവും താഴേത്തട്ടിലുള്ളവരാണെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍. സമ്പന്നര്‍ സബ്‌സിഡി ആനുകൂല്യങ്ങള്‍ ഒഴിവാക്കാന്‍ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവരുടെ കരിയും പുകയും നിറഞ്ഞ അടുക്കളകള്‍ മെച്ചപ്പെടുത്തുന്നതിനായാണ് സര്‍ക്കാര്‍ സബ്‌സിഡി ഉപേക്ഷിക്കല്‍ കാമ്പെയ്ന്‍ നടത്തിയത്. 85 ലക്ഷം ആളുകള്‍ തങ്ങളുടെ സബ്‌സിഡി ഉപേക്ഷിക്കാന്‍ തയാറായി.

സബ്‌സിഡി ഉപേക്ഷിക്കുക വഴി രാജ്യത്തെ പാവപ്പെട്ട സ്ത്രീകള്‍ക്കാണ് ഉപകാരപ്രദമാവുക. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ എക്കണോമിക് റിലേഷന്‍സ് സംഘടിപ്പിച്ച ‘സുസ്ഥിര വികസനത്തിന് സ്ത്രീ ശാക്തീകരണം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനുവരി ഒന്നു മുതല്‍ രാജ്യത്ത് വാര്‍ഷിക വരുമാനം 10 ലക്ഷത്തിനു മുകളിലുള്ളവര്‍ക്ക് എല്‍പിജി സബ്‌സിഡി നല്കുന്നില്ല. റീട്ടെയ്‌ലര്‍മാരായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും ഭാരത് പെട്രോളിയവും വരുമാന വിവരങ്ങള്‍ പുറത്തു വിടാറില്ല. ടാക്‌സ് വിഭാഗം അതീവ രഹസ്യമായാണ് ഇക്കാര്യം മുമ്പോട്ടു കൊണ്ടുപോകുന്നത്.

മാര്‍ച്ച് 11ന് അംഗീകരിച്ച പ്രധാനമന്ത്രി ഉജ്വല ജോജന പദ്ധതി പ്രകാരം അഞ്ചു കോടി പാവപ്പെട്ടവര്‍ക്ക് 1,600 രൂപയ്ക്ക് എല്‍പിജി കണക്ഷന്‍ ലഭിക്കും. ഈ പദ്ധതിക്കായി സര്‍ക്കാര്‍ 8,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ പദ്ധതിപ്രകാരം ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ്, മധ്യപ്രദേശ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ 400 ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക. കുടുംബത്തിലെ സ്ത്രീകളുടെ പേരിലായിരിക്കും കണക്ഷനുകള്‍ നല്കുക. കണക്ഷനൊപ്പം ഗ്യാസ് സ്റ്റൗവും നല്കാന്‍ പദ്ധതിയുണ്ടെന്ന് പ്രദാന്‍ പറഞ്ഞു.

Top