എല്‍എംഎല്‍ ഇന്ത്യന്‍ നിരത്തുകളില്‍ തിരിച്ചു വരുന്നു!

രാജ്യത്തെ ഇരുചക്ര വാഹനപ്രേമികളെ ഗൃഹാതുരതയിലേക്ക് വഴിനടത്തുന്ന ഒരു പേരാണ് എല്‍എംഎല്‍ അഥവാ ലോഹിയ മെഷിന്‍സ് ലിമിറ്റഡ്. രണ്ടു പതിറ്റാണ്ടു മുമ്പ് വരെ ഇന്ത്യന്‍ നിരത്തുകളിലെ സജീവ സാന്നിധ്യമായിരുന്നു കാണ്‍പൂര്‍ ആസ്ഥാനമായുള്ള എല്‍ എം എല്ലിന്റെ ഇരുചക്രവാഹനങ്ങള്‍. ഇറ്റാലിയന്‍ വെസ്പയുടെ ഇന്ത്യന്‍ പങ്കാളിയെന്ന നിലയില്‍ 1980 – 2000 കാലഘട്ടത്തിലും പിന്നീട് സ്വതന്ത്ര കമ്പനിയെന്ന് നിലയിലും ശ്രദ്ധേയരായിരുന്ന എല്‍എംഎല്‍ 2017-ലാണ് നിരത്തുകളോട് വിട പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് എല്‍എംഎല്‍ എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറുകളുമായിട്ടാണ് എല്‍എംഎല്‍ മടങ്ങിയെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനാവശ്യമായ നിക്ഷേപം കണ്ടെത്തിയതായും കമ്പനി അവകാശപ്പെടുന്നു. എല്‍.എം.എല്‍. പുറത്തിറക്കിയ പ്രസ്താവനയിലാണ് കമ്പനി ഇന്ത്യന്‍ നിരത്തുകളില്‍ മടങ്ങിയെത്തുന്നത് സംബന്ധിച്ച സ്ഥിരീകരണം നടത്തിയിട്ടുള്ളത്.

മറ്റൊരു കമ്പനിയുടെ നിക്ഷേപക പിന്തുണയോടെയാണ് ഈ രണ്ടാം വരവെന്നും എല്‍.എം.എല്‍. പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇലക്ട്രിക് വാഹന നിര്‍മാതാക്കളായി രണ്ടാം വരവിന് ഒരുങ്ങുന്ന എല്‍.എം.എല്ലിന് ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സാധ്യമാകുമെന്നും കമ്പനി പ്രതീക്ഷ പങ്കുവയ്ക്കുന്നുണ്ട്.

ഇന്ത്യന്‍ നിരത്തുകളിലേക്ക് മടങ്ങിവരവ് സാധ്യമാകുന്നതില്‍ ഏറെ ആവേശത്തിലാണെന്നും മികച്ച സാങ്കേതികവിദ്യയിലും വലിയ കരുത്തുമുള്ള വാഹനം നിരത്തുകള്‍ക്ക് സമ്മാനിക്കുന്നതിനും വാഹന മേഖലയ്ക്ക് കൂടുതല്‍ കരുത്തേകുന്നതിനുമുള്ള പരീക്ഷണങ്ങളാണ് കമ്പനിയെന്നും എല്‍എംഎല്‍. ഇലക്ട്രിക് മേധാവി ഡോ യോഗേഷ് ഭാട്ടിയ പറയുന്നു. നഗരങ്ങളിലെ സഞ്ചാര സാധ്യതകള്‍ക്കു കരുത്തുപകരാന്‍ പര്യാപ്തമായ സാങ്കേതികവിദ്യയും പുതുമകളുമുള്ള സ്‌കൂട്ടര്‍ അവതരിപ്പിക്കാനുള്ള തീവ്രശ്രമമാണു നടക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു. എന്നാല്‍ മുതല്‍മുടക്കിനെക്കുറിച്ചോ ഇസ്‌കൂട്ടര്‍ ശ്രേണിയെക്കുറിച്ചോ ഉള്ള വിശദീകരണങ്ങള്‍ എല്‍ എം എല്‍ പുറത്തുവിട്ടിട്ടില്ല.

സ്‌കൂട്ടറുകള്‍ക്കും മോട്ടോര്‍ സൈക്കിളുകള്‍ക്കും മോപ്പഡുകള്‍ക്കുമൊപ്പം സ്‌പെയര്‍ പാര്‍ട്‌സ്, ആക്‌സസറി വില്‍പ്പനയിലും സജീവമായിരുന്നു 1972ല്‍ സ്ഥാപിതമായ എല്‍ എം എല്‍. 1983 മുതലാണു കമ്പനി ഇറ്റാലിയന്‍ നിര്‍മാതാക്കളായ പിയാജിയൊ വെസ്പയുടെ സാങ്കേതിക സഹകരണത്തോടെയുള്ള സ്‌കൂട്ടറുകള്‍ അവതരിപ്പിച്ചത്. 1999-ല്‍ പിയാജിയോയുമായുള്ള സഹകരണം എല്‍എംഎല്‍ അവസാനിപ്പിക്കുകയും സ്വതന്ത്രമായി സ്‌കൂട്ടറുകളും മോട്ടോര്‍ സൈക്കിളുകളും വിപണിയില്‍ എത്തിക്കുകയുമായിരുന്നു. എന്നാല്‍ വിപണിയില്‍ മത്സരം കടുത്തതോടെ 2017ല്‍ കമ്പനി പൂട്ടുകയായിരുന്നു.

 

Top