llegal encroachment of the lake: Report was submitted to the vigilance court against Jayasurya

തൃശൂര്‍: നടന്‍ ജയസൂര്യ ചെലവന്നൂര്‍ കായല്‍ കയ്യേറിയെന്ന പരാതി ശരിവച്ച് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. മൂന്ന് സെന്റിലധികം ഭൂമി കയ്യേറി നിര്‍മ്മാണ വീടും ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മിച്ചെന്നായിരുന്നു പരാതി.

അനധികൃതമായി നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായി സെക്രട്ടറി കോടതിയെ ബോധിപ്പിച്ചു.

കോര്‍പ്പറേഷന്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു. കയ്യേറ്റ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതായും സെക്രട്ടറി കോടതിയെ അറിയിച്ചു. കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്ക് മാറ്റി. 22ന് കേസ് പരിഗണിക്കും.

കൊച്ചി ചിലവന്നൂരില്‍ കായലിന് സമീപമുള്ള സ്ഥലത്ത് ജയസൂര്യ അനധികൃതമായി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നാണ് പരാതി. പരാതിയില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ജനുവരി ആറിനുള്ളില്‍ അറിയിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് വിജിലന്‍സ് ജഡ്ജി എസ്എസ് വാസന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയസൂര്യയുടെ വീടിരിക്കുന്ന ഭൂമി റവന്യൂ ഉദ്യോഗസ്ഥര്‍ അളന്ന് തിട്ടപ്പെടുത്തിയിരുന്നു.

പൊതുപ്രവര്‍ത്തകന്‍ ഗിരീഷ് ബാബുവാണ് ജയസൂര്യക്കെതിരെ പരാതി നല്‍കിയത്. തീരദേശ പരിപാലന സംരക്ഷണ നിയമവും മുന്‍സിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടവും താരം ലംഘിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

സ്ഥലം പരിശോധിച്ച കോര്‍പ്പറേഷന്‍ ബില്‍ഡിംഗ് ഇന്‍സ്‌പെക്ടര്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനധികൃത നിര്‍മ്മാണം പൊളിച്ചു നീക്കണമെന്ന് 2014 ഫെബ്രുവരിയില്‍ കോര്‍പ്പറേഷന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാത്തതിനാല്‍ പരാതിക്കാരന്‍ വിജിലന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു.

Top