LK Advani aime president post; Joshi looked for Vice president

ന്യൂഡല്‍ഹി: അടുത്തവര്‍ഷം നടക്കുന്ന രാഷ്ട്രപതി,ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പുകളില്‍ വിജയം മുന്നില്‍ കണ്ട് കരുക്കള്‍ നീക്കാന്‍ ബിജെപിക്ക് ആര്‍എസ്എസ് നിര്‍ദ്ദേശം.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി 2017 ജൂലൈയിലും ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കാലാവധി 2017 ആഗസ്റ്റിലുമാണ് പൂര്‍ത്തിയാകുന്നത്.

നിലവില്‍ പ്രതിപക്ഷവുമായി സമവായമുണ്ടായില്ലെങ്കില്‍ പുതിയ രാഷ്ട്ര നേതാക്കളെ തിരഞ്ഞെടുക്കുന്നതിന് തിരിച്ചടിയാവും.

ബിജെപി സ്ഥാപക നേതാക്കളില്‍ പ്രമുഖനും പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിക്കൊപ്പം പരിഗണിക്കപ്പെടുകയും ചെയ്ത എല്‍ കെ അദ്വാനിയെ ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്നാണ് പറയപ്പെടുന്നത്.

ഉപരാഷ്ട്രപതി സ്ഥാനം ലക്ഷ്യമിട്ട് മുന്‍ ബിജെപി അദ്ധ്യക്ഷന്‍ മുരളീ മനോഹര്‍ ജോഷിയും അണിയറയിലുണ്ട്.

ലോക്‌സഭയിലെ ഭൂരിപക്ഷം മാത്രമല്ല രാജ്യസഭയിലും സംസ്ഥാന നിയമസഭകളിലും വ്യക്തമായ മുന്‍തൂക്കം ലഭിച്ചാല്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന് സ്വന്തം താല്‍പര്യം നടപ്പാക്കാന്‍ കഴിയു.

രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇപ്പോള്‍ പലപ്പോഴും ബില്ലുകള്‍ പാസ്സാക്കാന്‍ മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് കേന്ദ്രസര്‍ക്കാര്‍.

രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിയേയും എന്‍ഡിഎയെയും സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ സഹകരണംഅനിവാര്യമാണ്.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ശക്തരായ നേതാക്കളുടെ പിന്‍തുണ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി പ്രതീക്ഷിക്കുന്നുണ്ട്.

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണെങ്കിലും രാജ്യത്ത് ഏറ്റവും അധികം എംപിമാരും എംഎല്‍മാരുമുള്ള യുപിയില്‍ സമാജ്‌വാദി പാര്‍ട്ടിയും ബിഎസ്പിയും എടുക്കുന്ന നിലപാടും നിര്‍ണ്ണായകമാവും.

എതിരാളികളില്‍ ‘ഐക്യ’മുണ്ടാവാതെ നോക്കുക എന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുക്കുക.

ഉചിതമായ സമയത്ത് രാഷ്ട്രപതി-ഉപരാഷ്ട്രപതി സ്ഥാനങ്ങളിലേക്കുള്ളവരെ നിര്‍ദ്ദേശിക്കുമെന്നാണ് എല്‍ കെ അദ്വാനിയുടെയും മുരളീ മനോഹര്‍ ജോഷിയുടെയും സാധ്യതകളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ആര്‍എസ്എസ്-ബിജെപി നേതൃത്വങ്ങളുടെ മറുപടി.

ഈ സ്ഥാനങ്ങളിലേക്ക് പ്രധാനമന്ത്രി മറ്റാരുടെയെങ്കിലും പേര് നിര്‍ദ്ദേശിച്ചില്ലെങ്കില്‍ ഇവരുടെ പേരായിരിക്കും ബിജെപി മുന്നോട്ട് വയ്ക്കുക.

നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകരായി അറിയപ്പെട്ടിരുന്ന ഇരുനേതാക്കളും ഇപ്പോള്‍ സമീപകാലത്തൊന്നും മോദിക്കും പാര്‍ട്ടിക്കും തലവേദന സൃഷ്ടിക്കാതെ പൂര്‍ണ്ണമായും അച്ചടക്കത്തിന്റെ പാതയിലാണ്.

കോഴിക്കോട്ട് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പങ്കെടുത്ത പൊതു സമ്മേളന വേദിയിലെ നിശബ്ദ സാന്നിധ്യമായിരുന്നു അദ്വാനിയും ജോഷിയും.

ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്ന ഘടക കക്ഷിയായ ശിവസേനക്കും പ്രിയപ്പെട്ടവരാണ് ഈ നേതാക്കള്‍.

Top