ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് 

ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യന്‍ വംശജന്‍ ഋഷി സുനകിനെയാണ് തോല്‍പ്പിച്ചത്. ബ്രിട്ടന്റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ് ട്രസ്. 2025 വരെ ലിസ് ട്രസിന് പ്രധാനമന്ത്രിയായി തുടരാം. 20,000 വോട്ടിനാണ് ലിസ് ട്രസ് റിഷി സുനകിനെ തോൽപ്പിച്ചത്. 81,326 വോട്ടാണ് ലിസിന് ലഭിച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ രജിസ്റ്റര്‍ ചെയ്ത 1.8 ലക്ഷം അംഗങ്ങള്‍ക്കിടയില്‍ ആഗസ്ത് ആദ്യം തുടങ്ങിയ വോട്ടിങ് വെള്ളിയാഴ്ചയാണ് പൂര്‍ത്തിയായത്.

ലിസ് ട്രസ് വിജയിക്കുമെന്നാണ് സര്‍വേകള്‍ നേരത്തെ തന്നെ പ്രവചിച്ചത്. എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പിൽ ഋഷി സുനകായിരുന്നു മുന്നിൽ. പക്ഷേ അവസാന ഘട്ട വോട്ടെടുപ്പില്‍ ലിസ് ട്രസ് മുന്നിലെത്തുകയായിരുന്നു.ബോറിസ് ജോൺസൺ മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്നു ലിസ് ട്രസ്. ഡേവിഡ് കാമറൺ, തെരേസ മേ മന്ത്രിസഭകളിലും അംഗമായിരുന്നു.ആദ്യ ഘട്ടത്തിൽ ബ്രെക്സിറ്റ് വിരുദ്ധ നിലപാടെടുത്ത നേതാവ് കൂടിയാണ് ലിസ് ട്രസ്.വിവാദങ്ങളിൽ പെട്ട് ബോറിസ് ജോൺസൺ ജൂലൈ ഏഴിനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജിവെച്ചത്. ബോറിസ് ജോൺസണു പകരം പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ ജൂലൈ മാസത്തിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നടപടികൾ തുടങ്ങിയത്.

Top