ലിവര്‍പൂള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയ്ക്ക് കൊവിഡ്

ഈജിപ്ത്: ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ മുഹമ്മദ് സലയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷനാണ് സലയ്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി വെളിപ്പെടുത്തിയത്. ശനിയാഴ്ച ആഫ്രിക്ക കപ്പ് ഓഫ് നാഷന്‍സിന്റെ യോഗ്യതാ മത്സരത്തില്‍ ടോഗോയ്‌ക്കെതിരെ നേരിടാന്‍ തയ്യാറെടുക്കുകയായിരുന്നു സല. മത്സരത്തിന് 24 മണിക്കൂര്‍ മുമ്പ് കളിക്കാര്‍ക്കെല്ലാം കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് സലയ്ക്ക് പോസിറ്റീവായത് കണ്ടത്.

 

ആദ്യ പരിശോധനയില്‍ പോസിറ്റീവായത് താരവും ടീം മാനേജ്മെന്റും തള്ളി കളഞ്ഞെങ്കിലും സംശയം ദുരീകരിക്കാന്‍ രണ്ടാമതും പരിശോധന നടത്തുകയായിരുന്നു. അതിലും പോസിറ്റീവായതോടെയാണ് മുഹമ്മദ് സലയെ ടീമില്‍ നിന്ന് ഒഴിവാക്കുകയാണെന്ന് ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അറിയിച്ചത്. ദേശീയ ടീമിന്റെ കോച്ച് ലിവര്‍പൂള്‍ എഫ് സിയുടെ മെഡിക്കല്‍ മേധാവി ഡോക്ടര്‍ ജിം മോക്സനുമായി സലയുടെ ആരോഗ്യ വിവരങ്ങള്‍ കൈമാറി.

 

കൊവിഡ് ലക്ഷണങ്ങളൊന്നും അനുഭവപ്പെട്ടില്ലെങ്കിലും ഐസൊലേഷനിലായ സലക്ക് രണ്ടാഴ്ചത്തേക്ക് മത്സരലോകത്ത് നിന്ന് വിട്ടുനില്‍ക്കേണ്ടി വരും. ഇത് ലിവര്‍പൂളിന് വലിയ തിരിച്ചടിയായിരിക്കുകയാണ് നവംബര്‍ 21ന് ലെസ്റ്റര്‍ സിറ്റിയുമായിട്ടാണ് ലിവര്‍പൂളിന്റെ അടുത്ത പ്രീമിയര്‍ ലീഗ് മത്സരം. നാല് ദിവസങ്ങള്‍ക്ക് ശേഷം അറ്റലാന്റയുമായി ചാമ്പ്യന്‍സ് ലീഗ് മത്സരവുമുണ്ട്. ഈ സീസണില്‍ ലിവര്‍പൂളിനായി പതിമൂന്ന് മത്സരങ്ങളില്‍ നിന്ന് പത്ത് ഗോളുകള്‍ നേടി മികച്ച ഫോമിലാണ് സല.

 

ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ മെസി എന്നറിയപ്പെടുന്ന മുഹമ്മദ് സലക്ക് കൊവിഡ് ബാധിച്ചത് കുടുംബ ചടങ്ങില്‍ പങ്കെടുത്തപ്പോഴാണെന്നാണ് നിഗമനം. സഹോദരന്റെ വിവാഹത്തിന് സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം സല നൃത്തം വെക്കുന്ന വീഡിയോ വൈറലായിരുന്നു.

Top