Liverpool should not be in Europa League

ലണ്ടന്‍ : യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ജര്‍മന്‍ ക്ലബ് ഡോര്‍ട്മുണ്ടിനെതിരെ ഇന്‍ജുറി ടൈം ഗോളില്‍ ജയിച്ച ലിവര്‍പൂള്‍ സെമിഫൈനലില്‍ അതിന്റെ മറുപുറം കണ്ടു. സെമിഫൈനലില്‍ സ്പാനിഷ് ക്ലബ് വിയ്യാറയല്‍ അവരെ 10നു കീഴടക്കിയത് അവസാന മിനിറ്റ് ഗോളില്‍. 92ാം മിനിറ്റില്‍ അഡ്രിയാന്‍ ലോപ്പസ് ലിവര്‍പൂള്‍ വലയില്‍ പന്തെത്തിച്ചതോടെ ഏന്‍ഫീല്‍ഡിലെ രണ്ടാം പാദത്തില്‍ സ്പാനിഷ് ക്ലബ്ബിന് ഒരു ഗോളിന്റെ ആനുകൂല്യം. ഷക്തര്‍ ഡൊണസ്‌ക്‌സെവിയ്യ ആദ്യപാദം 22 സമനിലയില്‍ പിരിഞ്ഞു.

82ാം മിനിറ്റില്‍ കിട്ടിയ പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് കെവിന്‍ ഗമെയ്‌റോയാണ് നിലവിലെ ചാംപ്യന്‍മാര്‍ക്കു വിലപ്പെട്ട എവേ ഗോളും സമനിലയും നല്‍കിയത്. വിയ്യാറയലിന്റെ മൈതാനത്ത് സമനിലയുമായി പിരിയാം എന്നു ലിവര്‍പൂള്‍ ആശ്വസിച്ചിരിക്കുമ്പോഴാണ് ലോപസിന്റെ ഗോള്‍ വന്നത്. ബോക്‌സിലേക്കു കുതിച്ചുകയറിയ ഡെനിസ് സ്വാരെസ് പന്ത് നിസ്വര്‍ഥമായി ലോപസിനു മറിച്ചുനല്‍കി.

ഫൈനല്‍ വിസിലിനു കാത്തു നിന്ന ലിവര്‍പൂള്‍ താരങ്ങള്‍ തലയ്ക്കടിയേറ്റതു പോലെയായി. യൂറോപ്പ ലീഗില്‍ കഴിഞ്ഞ 12 കളികളില്‍ തോറ്റിട്ടില്ല എന്ന അവരുടെ റെക്കോര്‍ഡും അതോടെ വീണു. ഡാനിയേല്‍ സ്റ്ററിഡ്ജിനെ കോച്ച് യൂര്‍ഗന്‍ ക്ലോപ്പ് പുറത്തിരുത്തിയതിനാല്‍ ലിവര്‍പൂവിന്റെ ആക്രമണങ്ങള്‍ക്കു മൂര്‍ച്ച കുറവായിരുന്നു.

അഞ്ചാം മിനിറ്റില്‍ തന്നെ ബോക്‌സിനുള്ളില്‍ നിന്ന് ജോ അല്ലന്‍ ഗോള്‍ ലക്ഷ്യം വച്ചെങ്കിലും നേരേ ഗോള്‍കീപ്പര്‍ സെര്‍ജിയോ അസെഞ്ചോയുടെ കൈകളിലേക്കായി. രണ്ടാം പകുതിയിലും അതു പോലൊരവസരം. ഇത്തവണ റോബര്‍ട്ടോ ഫിര്‍മിനോയുടെ ഷോട്ട് പോസ്റ്റിലിടിച്ചു മടങ്ങി. വിയ്യാറയലിനുമുണ്ടായി ദൗര്‍ഭാഗ്യം. ടോമാസ് പിനയുടെയും ബകാംബുവിന്റെയും ഷോട്ടുകള്‍ ലിവര്‍പൂള്‍ ഗോളി സിമോണ്‍ മിനോലെറ്റിന്റെ സേവില്‍ ഒതുങ്ങി. ബകാംബുവിന്റെ ഹെഡര്‍ പോസ്റ്റിലിടിക്കുകയും ചെയ്തു.

ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നു യൂറോപ്പ ലീഗിലെത്തിയ ഷക്തറിന്റെയും സെവിയ്യയുടെയും പോരാട്ടത്തില്‍ ഗോളുകള്‍ അപൂര്‍വ കാഴ്ചയായില്ല. ആറാം മിനിറ്റില്‍ തന്നെ വിറ്റോലോ സെവിയ്യയെ മുന്നിലെത്തിച്ചു. എന്നാല്‍ അര മണിക്കൂറിനുള്ളില്‍ രണ്ടെണ്ണം തിരിച്ചടിച്ച് ഷക്തര്‍ കളി ആവേശകരമാക്കി. വിറ്റോലോ തന്നെയാണ് സെവിയ്യയുടെ സമനില ഗോളിനു വഴിയൊരുക്കിയത്. ഫെറെയ്‌റ സ്പാനിഷ് താരത്തെ വീഴ്ത്തിയതിനുള്ള പെനല്‍റ്റി ഗമെയ്‌റോ ലക്ഷ്യത്തിലെത്തിച്ചു.

Top