കോവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് മുഹമ്മദ് സലാഹ്

കെയ്‌റോ: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത ആളാണ് ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ്. നാട്ടിലെ കോവിഡ് രോഗികള്‍ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് താരം ഒരിക്കല്‍ കൂടി ശ്രദ്ധ നേടിയിരിക്കുകയാണ്. സലാഹിന്റെ പുണ്യപ്രവൃത്തികള്‍ നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.

ഈജിപ്തിലെ ബാസ്യൂന്‍ സെന്‍ട്രല്‍ ആശുപത്രിക്കാണ് സലാഹ് ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരിക്കുന്നത്. നാഗ്രിക് ചാരിറ്റി അസോസിയേഷന്‍(എന്‍.സി.എ) മുഖേനയാണിത്. മതിയായ ഓക്സിജന്‍ സൗകര്യം ഇല്ലാത്തതിനാല്‍ കോവിഡ് രോഗികള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സലാഹിന്റെ ഇടപെടല്‍.

ഈ ആശുപത്രിയില്‍ കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈജിപ്തിലെ കോവിഡ് രൂക്ഷമായ മേഖലകളില്‍ സലാഹിന്റെ നേതൃത്വത്തില്‍ ഭക്ഷണമെത്തിച്ച് നല്‍കിയിരുന്നു. വിധവകള്‍, അനാഥകള്‍, രോഗികള്‍ എന്നിവരുള്‍പ്പെടെ 500ലധികം പേരെ എന്‍.സി.എ പതിവായി സഹായിക്കുന്നുണ്ട്.

പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനമാണ് സലാഹ് പുറത്തെടുക്കുന്നത്. 16 മത്സരങ്ങളില്‍ നിന്നായി 13 ഗോളുകളാണ് താരം നേടിയത്. 17 മത്സരങ്ങളില്‍ നിന്ന് 33 പോയിന്റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ലിവര്‍പൂള്‍.

Top